programe

ചെറുതോണി: സമഗ്രശിക്ഷ അറക്കുളം ബി.ആർ.സി യുടെ നേതൃത്വത്തിൽ വാഴത്തോപ്പ് ഗവ. എൽ.പി സ്‌കൂളിൽ ആരംഭിച്ച ഓട്ടിസം സെന്ററിൽ ഭിന്നശേഷികുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധങ്ങളായ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ ഒൻപത് മുതൽ അഞ്ചുവരെ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ എല്ലാ ക്ലാസുകളും പരിശീലനങ്ങളും സൗജന്യമായാണ് നൽകുന്നത്. ഓട്ടിസം മേഖലയിൽ അഞ്ജലി ജോണി, തെറാപ്പിസ്റ്റ് ജൂലിയറ്റ് ജോസ്, റിസോഴ്സ് അധ്യാപിക ആൻസി ഫിലിപ്പ്, ആയ റ്റി.എസ് സുനിതാമോൾ ് എന്നിവരെ സമഗ്രശിക്ഷ കേരള കരാർ അടിസ്ഥാനത്തിൽ നിയമിച്ചതായി എസ്.എസ്.കെ അറക്കുളം ബ്ലോക്ക് പ്രോഗ്രാം ഓഫീസർ മുരുകൻ വി അയത്തിൽ, സ്‌ക്കൂൾ ഹെഡ്മിസ്ട്രസ് മോളി പി.പി എന്നിവർ അറിയിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെയും, ജനപ്രതിനിധികളുടെയും പരിപൂർണ്ണ പിൻതുണയും ഇതിനുണ്ട്. കുട്ടികൾക്കുള്ള വ്യക്തിഗത പരിശീലനം, കോർഡിനേഷൻ പ്രോഗ്രാം, തൊഴിൽ പരിശീലനം, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, രക്ഷിതാക്കൾക്കുള്ള തൊഴിൽ പരിശീലനം, അവയർനസ് ക്ലാസ് എന്നിവയും നടത്തുന്നുണ്ട്. വിവിധങ്ങളായ കാരണങ്ങളാൽ സമ്മർദ്ദത്തിലാകുന്ന കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഒരാശ്രയകേന്ദ്രമായി മാറുകയാണ് വാഴത്തോപ്പ് സമഗ്രശിക്ഷ ഓട്ടിസം സെന്ററെന്ന് ഭാരവാഹികൾ പറഞ്ഞു.