കരിമണ്ണൂർ: മനുഷ്യൻ എത്തിപ്പെടാനാകാത്ത ദുരന്ത മേഖലയിലും മറ്റും ഉപയോഗിക്കാവുന്ന റോബോട്ടിക്സ് സ്പൈ കാർ നിർമിച്ച് പ്ലസ്‌വൺ വിദ്യാർത്ഥി. വാഴത്തോപ്പ് സെന്റ് ജോർജ് എച്ച്.എസ്.എസിലെ അഫ്സൽ ഹനീഫാണ് ഈ നൂതനസംവിധാനം വികസിപ്പിച്ചത്. തീപിടിത്തമോ മറ്റ് എന്തെങ്കിലും ദുരന്തമോ മൂലം ഏതെങ്കിലും മേഖല ഒറ്റപ്പെട്ടാൽ അവിടേക്ക് ഈ റോബോട്ടിക്സ് സ്പൈ കാർ അയക്കാം. ലാപ്‌ടോപ്പോ മൊബൈൽ ഫോണോ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാം. കാറിലുള്ള കാമറ ഉപയോഗിച്ച് സംഭവസ്ഥലത്ത് നടക്കുന്ന കാര്യങ്ങൾ കാണാനാകും. ഒപ്പം ഓഡിയോ സംവിധാനമുപയോഗിച്ച് ആശയവിനിമയം നടത്താനുമാകും. കഴിഞ്ഞ വർഷം ഇതിന്റെ ചെറിയ ഘടന നിർമിച്ച് ജില്ലാ പ്രവൃത്തിപരിചയമേളയിൽ അഫ്സൽ മൂന്നാം സ്ഥാനം നേടിയിരുന്നു. കരിമ്പൻ മോതീൻപറമ്പിൽ ഹനീഫ്- റെജീന ദമ്പതികളുടെ മകനാണ്.