കട്ടപ്പന: മേഖലാ സംയോജിത സാമ്പത്തിക പങ്കാളിത്ത സ്വതന്ത്ര വ്യാപാര കരാറിനെതിരെ (ആർ.സി.ഇ.പി) കട്ടപ്പനയിൽ ക്ഷീരകർഷകരുടെ പ്രതിഷേധമിരമ്പി. കരാറിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ക്ഷീരകർഷകർ 23ന് രാവിലെ 11ന് കട്ടപ്പന ഹെഡ്‌പോസ്റ്റോഫീസ് പടിക്കൽ മാർച്ചും ധർണയും നടത്തി. കേരളത്തിലെ 14 ലക്ഷം ക്ഷീരകർഷകർ ഉൾപ്പെടെ ക്ഷീര വ്യവസായവുമായി ബന്ധപ്പെട്ട 54 ലക്ഷം കർഷക കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് കരാറിലെ വ്യവസ്ഥകൾ. സമരം എറണാകുളം മേഖലാ മിൽമാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് ഉദ്ഘാടനം ചെയ്തു. അസിയാൻ ഗാട്ട് കരാറുകളുടെ പേരിൽ രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള മുഴുവൻ ഇറക്കുമതികളുടേയും ദൂഷ്യവശവും ദുരിതവും അനുഭവിച്ചുകൊണ്ടിരിക്കുന്നത് രാജ്യത്തെ കർഷക ജനതയാണെന്ന് അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ പ്രസിഡന്റ് വൈ.സി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എം.എ ജില്ലാ പ്രസിഡന്റ് ജോയി അമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച പ്രതിക്ഷേധ മാർച്ച് പി.എസ്. സെബാസ്റ്റ്യൻ ഫ്ളാഗ് ഒഫ് ചെയ്തു. നൂറുകണക്കിന് കർഷകർ ടൗൺ ചുറ്റിനടന്ന പ്രകടനത്തിനു ശേഷം ഹെഡ് പോസ്റ്റോഫീസ് പടിക്കൽ എത്തിച്ചേർന്നു. യോഗത്തിൽ എബ്രാഹം പന്തമാക്കൽ, ടോമി തെങ്ങുപള്ളിൽ, രാജേന്ദ്രൻ മാരിയിൽ ക്ഷീരസംഘം പ്രസിഡന്റുമാർ എന്നിവർ പ്രസംഗിച്ചു.