കരിമണ്ണൂർ: പാവകളുടെ സൗന്ദര്യപട്ടം കരിമണ്ണൂർ സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്.എസിലെ എലിസബത്തിന്റെ ഏഴു സുന്ദരിപാവകൾക്ക്. ഹൈസ്‌കൂൾ വിഭാഗത്തിലാണ് എട്ടാം ക്ലാസ് വിദ്യാർത്ഥി എലിസബത്ത് ജോൺസൺ ഒന്നാമതെത്തിയത്. ആദ്യമായി മത്സരിക്കുന്ന എലിസബത്ത് കേരളനടനം, ഓട്ടൻതുള്ളൽ, ഭരതനാട്യം, നീളൻപാവാടക്കാരി ഇങ്ങനെ ഏഴു കളിപ്പാവകളായിരുന്നു നിർമിച്ചത്. മത്സരം കഴിഞ്ഞ് മടങ്ങുമ്പോൾ ഇവ സ്‌കൂളിന് സമ്മാനിച്ച് മടങ്ങാനാണ് എലിസബത്തിന്റെ തീരുമാനം. തെർമോക്കോൾ, തടി, നൂൽ, നൂൽക്കമ്പി എന്നിവ ഉപയോഗിച്ച് മൂന്നു മണിക്കൂർ കൊണ്ടായിരുന്നു പാവകളുടെ നിർമാണം. പാവനിർമാണത്തിൽ അദ്ധ്യാപികയായ സിസ്റ്റർ റാണിയുടെ പരിശീലനം ലഭിച്ചിരുന്നു. കരിമണ്ണൂർ ചേറാടി കുന്നപ്പള്ളിൽ ജോൺസന്റെ ജോൺസൻ- ജൂലി ദമ്പതികളുടെ മകളാണ്. അദ്ധ്യാപികയായ സിസ്റ്റർ സിജി ആന്റണിയാണ് എലിസബത്തിനെ പാവ നിർമാണത്തിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിക്കുന്നത്.