തൊടുപുഴ : പട്ടയക്രമീകരിക്കൽ ഉത്തരവുകൾ പൂർണ്ണമായും റദ്ദ് ചെയ്യണമെന്നും ഭൂപതിവു ചട്ടങ്ങളിൽ ഭേദഗതി വരുത്തി മറ്റു ജില്ലകളിലെ പട്ടയക്കാർക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഇടുക്കിജില്ലക്കാർക്കും ലഭിക്കണമെന്നും ആവശ്യപ്പെട്ട് തുടർസമരങ്ങളിലേയ്ക്ക് കടക്കാൻ കോൺഗ്രസ്സ് തീരുമാനിച്ചു.
28ന് നടത്തുന്ന യു.ഡി.എഫ് ഹർത്താൽ, നവംബർ 4ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പിൽ രാവിലെ 11ന് ഡി.സി.സി. പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉപവാസം എന്നിവ വിജയിപ്പിക്കുന്നതിനായി ജില്ലയിലെ മുഴുവൻ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളും 26ന് യോഗം ചേരും. 27ന് വൈകന്നേരം ഓരോ പഞ്ചായത്തിലെയും പ്രമുഖ കേന്ദ്രങ്ങളിൽ ഹർത്താലിനു മന്നോടിയായി പ്രതിഷേധപ്രകടനങ്ങൾ നടത്തും.
ഡി.സി.സി. മെമ്പർമാർ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, ജനപ്രതിനിധികൾ, പോഷകസംഘടനാ നേതാക്കൾ എന്നിവരാണ് തിരുവനന്തപുരത്തെ ഉപവാസത്തിൽ പങ്കെടക്കേണ്ടത്. ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മുഖ്യാതിഥിയായിരിക്കും. സമാപനസമ്മേളനം കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.