ചെറുതോണി: മനുഷ്യരുടെ ഉപജീവനത്തിനായാണ് ദൈവം ഭൂമിയെ സൃഷ്ടിച്ചതെന്നും രാഷ്ട്രീയക്കാർക്ക് നിയമ നിർമാണം നടത്തി പൊതുജനങ്ങളെ ഉപദ്രവിക്കാനവകാശമില്ലന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ പറഞ്ഞു. ജന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സർക്കാർ ഉത്തരവുകൾ അസാധുവാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റ് പടിക്കൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി ജില്ലയിലെ മൂന്നാറുൾപ്പെടെ ഒരു സ്ഥലത്തും കരിനിയമം നടപ്പാക്കാൻ അനുവദിക്കുകയില്ല. സർക്കാർ കർഷക ദ്രോഹ നടപടികളുമായി മുന്നോട്ടുപോയാൽ സംസ്ഥാന കമ്മറ്റി സമരമേറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അസംബ്ലി കൂടുന്ന ദിവസം കേരളത്തിൽ മനുഷ്യമതിൽ തീർത്ത് പ്രതിരോധിക്കുന്നതിനും തയ്യാറാകുമെന്നും നസ്സറുദ്ദീൻ പറഞ്ഞു. പൊതുജനങ്ങളൂടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാണമെന്ന് സമ്മതിച്ച് അധികാരമേറ്റ മന്ത്രിമാർ ഇപ്പോൾ ജനങ്ങളെ ദ്രോഹിക്കുകയാണ്. എ.സി കാറിൽ ലോകം ചുറ്റുന്ന കപട പരിസ്ഥിതി വാദികൾ കർഷകരെ ദ്രോഹിച്ച് പണം സമ്പാദിക്കുകയാണന്നും ഇവരെ തിരിച്ചറിയണമെന്നും നസറുദ്ദീൻ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.എൻ ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. സർക്കാരിന്റെ ജനവിരുദ്ധ ഉത്തരവ് പൻവലിക്കുന്നതുവരെ സമരം തുടരുമെന്നും കെ.എൻ ദിവാകരൻ പറഞ്ഞു. റോഷി അഗസ്റ്റിൻ എം.എൽ.എ വേദിയിലെത്തി നസറുദ്ദീനെ ഷാൾ അണിയിക്കുകയും വ്യാപാരികളുടെ സമരത്തിന് പൂർണ പിന്തുണ നൽകുന്നതായും അറിയിച്ചു.
കർഷക രക്ഷാസമിതി സെക്രട്ടറി രാജു സേവ്യർ പിന്തുണയറിയിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി സേതുമാധവൻ, സണ്ണി പൈമ്പള്ളി, കെ.പി ഹസ്സൻ, നജീബ് ഇല്ലത്തുപറമ്പിൽ, സി.കെ മോഹനൻ, വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് ആഗ്‌നസ് ജോസ്, യൂത്തുവിംഗ് ജില്ലാ പ്രസിഡന്റ് ഷിജോ മോൻ ജോസ്, ഷാജി കണ്ടച്ചാലിൽ, പി.എം ബേബി, സി.കെ മോഹനൻ, ജമാൽ മുഹമ്മദ്, കെ.ആർ വിനോദ്,ചെറുതോണി യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടം, ജനറൽ സെക്രട്ടറി ബാബു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ആയിരക്കണക്കിന് വ്യാപാരികളാണ് സമരത്തിൽ പങ്കെടുത്തത്. മുഴുവൻ വ്യാപാരികളും കടകളടച്ചാണ് സമരത്തിൽ പങ്കെടുത്തത്. പൈനാവിൽ നിന്നാരംഭിച്ച പ്രകടനം ഒരു മണിക്കൂറുകൊണ്ടാണ് കുയിലിമലയിലെത്തിയത്. സമരത്തിന് ബിൽഡിംഗ് ഓണേഴ്‌സും മലനാട് കർഷക രക്ഷാ സമിതിയും പിന്തുണ നൽകി സമരത്തിൽ പങ്കെടുത്തു. യൂത്തുവിംഗ് ജില്ലാ പ്രസിഡന്റ് സിജോമോൻ ജോസിന്റെ നേതൃത്വത്തിൽ നീല ജഴ്‌സിയണിഞ്ഞ അഞ്ഞൂറിലധികംപേർ പങ്കെടുത്ത ബൈക്ക് റാലിയും പ്രത്യേക പ്രകടനവും സമരത്തിന് കൊഴുപ്പേകി. സ്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധേയാമായിരുന്നു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മറ്റി കളക്ട്രേറ്റിലേയ്ക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.