വണ്ണപ്പുറം: തൊമ്മൻകുത്തിലെ ആനചാടി കുത്ത് ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് (എം)​ വണ്ണപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിനോദസഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി ടൂറിസത്തിന്റെ അനന്തസാധ്യതകൾ വിനിയോഗിച്ച് വനോദസഞ്ചാരികൾക്കും പ്രകൃതി സ്‌നേഹികൾക്കും ഉപയോഗപ്പെടുന്ന വിധം രൂപപ്പെടുത്തിയെടുക്കാൻ സംസ്ഥാന ടൂറിസം വകുപ്പും വനം വകുപ്പും നടപടി സ്വീകരിക്കണം. തൊമ്മൻകുത്ത് വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തിച്ചേരുന്ന വിനോദ സഞ്ചാരികൾ പോലും ഈ മനോഹരമായ പ്രദേശത്തെ കുറിച്ച് കാര്യമായ അറിവില്ലാത്തതിനാൽ ഇവടേക്ക് എത്തുന്നില്ല. ഈ പ്രദേശം അധികൃതരുടെ അവഗണന നേരിടുകയാണ്. ആനചാടി കുത്തിന്റെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ സർക്കാർ തയ്യാറാവണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോജോ അറയ്ക്കകണ്ടം അദ്ധ്യക്ഷത വഹിച്ച യോഗം കേരള കോൺഗ്രസ് (എം)​ ഉന്നതാധികാര സമിതി അംഗം പ്രൊഫ. കെ.ഐ. ആന്റണി ഉദ്ഘാടനം ചെയ്തു. സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ,​ പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, പാർട്ടി നേതാക്കളായ ജോൺ കാലായിൽ,​ ജോസ് നെല്ലാനിക്കാട്ട്, സെബാസ്റ്റ്യൻ ആടുകുഴിയിൽ, അപ്പച്ചൻ കുഴിയംപ്ലാ വിൽ ജോർജ് ജോസഫ് മണ്ണാതുരുത്തിൽ, ജോണി മുണ്ടയ്ക്കൽ കുഞ്ഞുമോൻ വെട്ടിക്കുഴി ചാലിൽ , സോജൻ മുണ്ടൻ കാവിൽ, മനോജ് മാമലശ്ശേരിയിൽ, ജിഷ്ണു പാറക്കൽ, സാബു കുഴിയൻ പ്ലാവിൻ , ജിജിൻ അക്കരചാലിൽ, ഹരിപ്രസാദ് താഴത്തെ കുടിയിൽ എന്നിവർ പ്രസംഗിച്ചു.