ചെറുതോണി. പിളർപ്പിന്റെ നാണവും തമ്മിലടിയിലൂടെ ഒറ്റപ്പെട്ടതിന്റെ ജാള്യത മറയ്ക്കാനുമാണ് കേരളാ കോൺഗ്രസ് ജാഥയുമായി ഇറങ്ങിത്തിരിച്ചിട്ടുള്ളതെന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് സി.വി. വർഗീസും സെക്രട്ടറി എൻ.വി. ബേബിയും പറഞ്ഞു. ചരിത്രം യുഡിഎഫിനെ തിരിഞ്ഞ് കുത്തുകയാണ്. 1964ലെ ഭൂമി പതിവ് ചട്ടം കോൺഗ്രസ് സർക്കാരാണ് കൊണ്ടുവന്നത്. 1993ലെ കുടിയേറ്റം ക്രമീകരിക്കൽ ചട്ടവും കോൺഗ്രസ് സർക്കാരിന്റെ കാലത്ത് കെ.എം. മാണി റവന്യൂ മന്ത്രിയായിരിക്കുമ്പോഴാണ് കൊണ്ടുവന്നത്. പട്ടയം നൽകി പതിച്ച് കൊടുക്കുന്ന ഭൂമി കൃഷിക്കും വീട് വയ്ക്കുന്നതിനും മാത്രമാണെന്നും വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നും ഈ രണ്ട് ചട്ടങ്ങളിലൂടെയാണ് യു.ഡി.എഫ് സർക്കാർ കൊണ്ടുവന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണനും അടൂർ പ്രകാശനും കോൺഗ്രസിന് വേണ്ടി കഴിഞ്ഞ 5 വർഷവും റവന്യൂ വകുപ്പ് ഭരിച്ചപ്പോഴും ചട്ടം ഭേദഗതിയുടെ കാര്യം മറന്ന് പോയ കോൺഗ്രസുകാർ ഇപ്പോൾ നടത്തുന്ന സമരാഭാസം ആത്മാർത്ഥതയുടെ തരിമ്പ് പോലും ഇല്ലാത്തതാണ്. ഉമ്മൻചാണ്ടി സർക്കാർ കർഷകരുടെ പട്ടയത്തിന് വരുമാന പരിധി നിശ്ചയിച്ചപ്പോൾ ജോസഫും മാണിയും മന്ത്രിസഭയിലുണ്ടായിരുന്നു. പതിനാറ് ഉപാധികളുള്ള പട്ടയം അടിച്ചേൽപിച്ചപ്പോഴും പട്ടയത്തിനുള്ള അർഹത നാലേക്കറിൽ നിന്ന് ഒരേക്കറായി ചുരുക്കിയപ്പോഴും ജോസഫും മാണിയും ഉമ്മൻചാണ്ടിയോടൊപ്പം മന്ത്രിസഭയിൽ ചായകുടിച്ച് പിരിയുകയായിരുന്നെന്നും കർഷക സംഘം നേതാക്കൾ പറഞ്ഞു.