agriculture

നെടുമ്പാശേരി: മികച്ച രീതിയിൽ പരമ്പരാഗത കാർഷിക വിളകളുടെ കൃഷിയും വ്യാപനവും നടത്തിയ ഗോത്ര സമൂഹങ്ങൾക്കുള്ള കേന്ദ്ര കൃഷി വകുപ്പിന്റെ പ്ലാന്റ് ജിനോം സേവിയർ പുരസ്‌കാരം ലഭിച്ച തായണ്ണൻകുടി സംഘത്തിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം.

ഡൽഹിയിൽ നടന്ന അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയ സംഘത്തിന് കൃഷിവകുപ്പാണ് സ്വീകരണം ഒരുക്കിയത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമറാണ് അവാർഡ് വിതരണം ചെയ്തത്. 10 ലക്ഷം രൂപയാണ് അവാർഡ് തുക. തായണ്ണൻകുടി കാണി ചന്ദ്രൻ, ഭാര്യ കന്തമ്മ, വാസുദേവൻ, രൂപമ്മ, മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മികൃഷി ഓഫീസർ പ്രിയ പീറ്റർ, ചിന്നാർ വന്യജീവി സങ്കേതം സോഷ്യൽ വർക്കർ കെ. ധനുഷ്‌കോടി, കേരള കാർഷിക സർവകലാശാല ഐ.പി.ആർ സെൽ കോഓർഡിനേറ്റർ സി.അർ.എൽസി എന്നിവർക്കാണ് സ്വീകരണം നൽകിയത്.

ഇടുക്കി ജില്ലാ കൃഷി ഓഫീസർ ബാബു ടി. ജോർജ്, ഡെപ്യൂട്ടി ഡയറക്ടർമാരായ പ്രിൻസ് മാത്യു, രമ കെ. നായർ തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. ഏതാനും വർഷം മുൻപാണ് പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന വിവിധയിനം വിത്തുകളെ സംരക്ഷിക്കാനും വ്യാപിപ്പിക്കുന്നതിനുമായുള്ള ഉദ്യമത്തിന് ഇവർ തുടക്കം കുറിച്ചത്. വനംവകുപ്പ്,കൃഷിഭവൻ,പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി
ആരംഭിച്ചത്.ഈ പദ്ധതിയുടെ വിജയമാണ് തായണ്ണൻകുടിയെ പുരസ്‌കാരത്തിന്
അർഹമാക്കിയത്. 2017ലെ സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും ഇവർക്ക് ലഭിച്ചിരുന്നു.