തൊടുപുഴ: കാർഷിക വിപണന സമുച്ചയമായ കാഡ്‌സ് വില്ലേജ് സ്‌ക്വയറിന്റെ ശിലാസ്ഥാപനം നാളെ രാവിലെ ഒമ്പതിന് തൊടുപുഴയിൽ നടക്കും. അഞ്ച് കോടി രൂപ ചെലവിൽ 2.70 ഏക്കർ സ്ഥലത്ത് പൂർണമായി കർഷകപങ്കാളിത്തത്തോടെ നിർമ്മിക്കുന്ന ഈ വിപണനകേന്ദ്രം 'നഗരത്തിനുള്ളിൽ ഒരു ഗ്രാമം' എന്ന നൂതനാശയത്തെ മുൻനിറുത്തിയാണ് വിഭാവന ചെയ്തിട്ടുള്ളത്. വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 10,000 കർഷകരെ ഉൾപ്പെടുത്തി നാടൻ കാർഷികോത്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. അന്യസംസ്ഥാനങ്ങൾ, വിദേശവിപണി എന്നിവയും വിപണന സാധ്യതാമേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. രാവിലെ ഒമ്പതിന് വെങ്ങല്ലൂർ- മങ്ങാട്ടുകവല നാലുവരിപാതയിലുള്ള നിർദ്ദിഷ്ട പദ്ധതി പ്രദേശത്ത് ചേരുന്ന കർഷക സമ്മേളനത്തിൽ മന്ത്രി എം.എം. മണി ശിലാസ്ഥാപനം നിർവഹിക്കും. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ റോഷി അഗസ്റ്റിൻ എം.എൽ.എ, ഇ.എസ്. ബിജിമോൾ എം.എൽ.എ, എൽദോ അബ്രഹാം എം.എൽ.എ, മാണി സി. കാപ്പൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, മുനിസിപ്പൽ ചെയർപേഴ്‌സൺ ജെസി ആന്റണി, ജില്ലാ കളക്ടർ എച്ച്. ദിനേശൻ, മുൻ എം.പി ഫ്രാൻസിസ് ജോർജ് എന്നിവർ സംസാരിക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പച്ചക്കറി തൈകൾ വിതരണം ചെയ്യും. കാഡ്‌സ്- പി.സി.എൽ ജനറൽ കൺവീനറും ചെയർമാനുമായ ആന്റണി കണ്ടിരിക്കൽ, സ്വാഗതസംഘം വൈസ് ചെയർമാൻ എം.സി. മാത്യു, സ്വാഗതസംഘം ജോയിന്റ് കൺവീനർ ജേക്കബ്ബ് മാത്യു, കാഡ്‌സ്- പി.സി.എൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പ്രൊഫ. ഡോ. കെ.ജെ. കുര്യൻ, കാഡ്‌സ്- പി.സി.എൽ ഡയറക്ടർ എൻ.ജെ. മാമച്ചൻ, കാഡ്‌സ്- പി.സി.എൽ ഡയറക്ടർ ടെഡി ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വില്ലേജ് സ്ക്വയറിന്റെ പ്രത്യേകത
നാടൻ പച്ചക്കറി, പഴവർഗങ്ങൾ, കിഴങ്ങുവർഗം, സുഗന്ധവ്യജ്ഞനം എന്നിവയുടെ ജൈവകലവറ
പ്രാദേശിക മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ സ്വദേശി മാർക്കറ്റ്
മത്സ്യ, മാംസ വിപണനശാലകൾ, ഹൈപ്പർ മാർക്കറ്റുകൾ
പുതുതലമുറയെ പരിചയപ്പെടുത്താൻ നാടൻ മത്സ്യങ്ങളുടെ അക്വേറിയം
ഗ്രാമീണ ഭക്ഷണശാല, ഫാർമേഴ്‌സ് ലൈബ്രറി
ആധുനിക സൗകര്യങ്ങളുള്ള കാർഷികപരിശീലന കേന്ദ്രം
500 കാർഷിക തൊഴിലാളികളുടെ ലേബർ ബാങ്ക്, ലേല കേന്ദ്രം
ഓപ്പൺ തീയേറ്റർ, വിനോദ സഞ്ചാരികൾക്കായി അമിനിറ്റി സെന്റർ
കുട്ടികൾക്ക് വളർത്തുപക്ഷികളെയും മൃഗങ്ങളെയും തൊട്ടറിയുന്നതിനുള്ള കിഡ്‌സ് സോൺ
സ്മാർട്ട് സ്റ്റാർട്ടപ്പ് സംരംഭങ്ങളും സർവീസ് സംരംഭങ്ങളും ഉൾപ്പെടുന്ന 50 കൊമേഷ്യൽ സ്റ്റാളുകൾ
10 മത്സ്യകുളങ്ങളും ചൂണ്ടയിടൽപോലുള്ള വിനോദ ഉപാധികളും
ഓഹരി വാങ്ങാം
കേന്ദ്രകമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഈ സ്ഥാപനം 10 രൂപ മുഖവിലയുള്ള ഓഹരികളാണ് വിതരണം ചെയ്യുന്നത്. 1000 രൂപയുടെ നൂറ് ഓഹരികൾ മുതൽ 2 ലക്ഷം രൂപയുടെ 20000 ഓഹരികൾ വരെ നൽകിയാണ് മൂലധന സമാഹരണം നടത്തുന്നത്. അതോടൊപ്പം നബാർഡ്, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ, കൃഷിവകുപ്പ്, സ്‌പൈസസ് ബോർഡ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായങ്ങളും കാർഷികസർവകലാശാല, എം.ജി യൂണിവേഴ്‌സിറ്റി, സി.ടി.സി.ആർ.ഐ, സി.പി.സി.ആർ.ഐ തുടങ്ങിയ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായങ്ങളും ലഭ്യമാകും. ദേശീയ സംസ്ഥാന തലങ്ങളിലുള്ള ഒരു വിദഗ്ദ്ധ സമിതി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.