മറയൂർ: മറയൂർ - കാന്തല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാമ്പാർ പുഴക്ക് കുറുകെയുള്ള പാലത്തിലെ റോഡ് തകർന്നു.ഇരുകരയിലുമുള്ള അപ്രോച്ച് റോഡുകളാണ് ഇപ്പോൾ കുഴികൾ രൂപപ്പെട്ട് വെള്ളം കെട്ടികിടക്കുന്നത് കാരണം കാൽ നടക്കാരുടെ മേൽ മിക്കപ്പോഴും ചെളിവെള്ളം തെറിച്ച് വീഴുന്നത് പതിവാണ്. 1969 കാലത്ത് നിർമ്മിച്ച പാലത്തിന് വീതി കുറവാണ് വലിയ വാഹനങ്ങൾക്ക് ഒരെണ്ണത്തിന് മാത്രം കടന്നു പോകാൻ കഴിയുന്ന വീതി മാത്രമാണ് പാലത്തിനുള്ളത്. പാലത്തിൽ സ്ഥിരമായി വെള്ളം കെട്ടികിടക്കുന്നതിനാൽ അപ്രോച്ച് റോഡുകൾ തകർന്ന് പാലത്തിന് ബലക്ഷയം സംഭവിക്കാൻ സാധ്യത കൂടുതലാണ്.. കാന്തല്ലൂർ ഭാഗത്ത് നിന്നും 20 ടണ്ണിലധികം ഭാരം കയറ്റിയ അൻപതിലധികം ലോറികളാണ് ദിവസേന ഈ ചെറിയ പാലം വഴി കടന്ന് പോകുന്നത്.
കോവിൽക്കടവ് ഭാഗത്ത് നിർമ്മിച്ചിരിക്കുന്ന റോഡിന്റെ കാലപ്പഴക്കവും വീതി കുറവും കാരണം നിലവിലെ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിന് വേണ്ട നടപടികൾ ആരംഭ ഘട്ടത്തിൽ മാത്രമാണ് . ദിനം പ്രതി നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്നതും പ്രധാന വിനോദ സഞ്ചാര മേഖല കൂടിയായ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിൽ അടിയന്തരമായി അറ്റകുറ്റപണികൾ നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.