തൊടുപുഴ: ആധുനിക അറവുശാലയെന്നത് തൊടുപുഴ നഗരവാസികളുടെ നീണ്ടനാളത്തെ ആവശ്യമായിരുന്നു. മിക്ക ബഡ്ജറ്റുകളിലും ഫണ്ടനുവദിക്കാറുണ്ടെങ്കിലും ഇതുവരെയും പ്രാവർത്തികമായിട്ടില്ല. എന്നാൽ ഇത്തവണ അറവുശാല സ്ഥാപിക്കുന്നതിന് വേണ്ട നടപടിയെടുക്കണമെന്ന് കൗൺസിൽ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. ആധുനിക അറവുശാല സ്ഥാപിക്കുന്നതിനായി വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഇതിനായി നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് ആറ് ലക്ഷം രൂപ അനുവദിക്കും. പദ്ധതിരേഖ തയ്യാറാക്കുന്നതിനായി ആധുനിക അറവുശാലയുടെ പദ്ധതി രൂപവത്കരണ മേഖലയിലെ വിദഗ്ദ്ധനായ ഡോ. മോഹൻദാസിനെ ചുമതലപ്പെടുത്തി. തുടർന്ന് വ്യാഴാഴ്ചത്തെ കൗൺസിലിൽ ഡോ. മോഹൻദാസ് പങ്കെടുക്കുകയും കൗൺസിലർമാരുമായി ചർച്ച നടത്തുകയുമായിരുന്നു. പത്ത് കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇത് എം.പി, എം.ൽ.എ, കിഫ്ബി, നഗരസഭയുടെ തനത് ഫണ്ട് എന്നിവയിൽ നിന്ന് കണ്ടെത്താനാണ് തീരുമാനം. നേരത്തെ അറവുശാലയുണ്ടായിരുന്ന മത്സ്യമാർക്കറ്റിലെ സ്ഥലത്ത് രണ്ട് നിലകളിലായാണ് ആധുനിക സംവിധാനം വിഭാവനം ചെയ്യുന്നത്.