തൊടുപുഴ: റവന്യൂ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് ഓൺലൈൻ സമ്പ്രദായം ഏർപ്പെടുത്തണമെന്ന് കേരള ലാൻഡ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്ഥലമാറ്റങ്ങളിലെ ബഹ്യഇടപെടലുകളും ആക്ഷേപങ്ങളും പരാതികളും പരിഹരിക്കുന്നതിന് ഓൺലൈൻ സമ്പ്രദായം ഏറെ പ്രയോജനപ്രദമായിരിക്കുമെന്ന് സമ്മേളനം വിലയിരുത്തി. തൊടുപുഴ ശ്രീകൃഷ്ണ ടൂറിസ്റ്റ് ഹോം ഹാളിൽ ജില്ലാ പ്രസിഡന്റ് ഷൈജു തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സെക്രട്ടറിയേറ്റ് അംഗം സി.എം. ഹാഷിം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.എൻ. സുധീർ റപ്പോർട്ടും വരവു ചെലവു കണക്കും അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി.എൻ. രമേശ്കുമാർ, കെ.എസ്. മനോജ്കുമാർ, മുൻ സംസ്ഥാന ഭാരവാഹികളായ ഇ.കെ. മുരളീധരൻ, റ്റി.ഇ. അബ്ദുൾ സലാം, കെ.എസ്. ശശിധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷൈജു തങ്കപ്പൻ (ജില്ലാ പ്രസിഡന്റ്), വി.എം. രാജേഷ് ( സെക്രട്ടറി), ജെഫിൻ രാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.