തൊടുപുഴ: ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ തൊടുപുഴ സെന്റ്.സെബാസ്റ്റ്യൻസ് യു.പി സ്‌കൂൾ ആനിമൽ വെൽഫയർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ''ഞാനും എന്റെ കുഞ്ഞാടും'' പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി പത്ത് കുട്ടികൾക്ക് അമ്പതിനായിരം രൂപ മുടക്കി ആറുമാസം പ്രായമായ ആട്ടിൻ കുട്ടികളെ സൗജന്യമായി നൽകി.
പദ്ധതിയുടെ തുടർച്ചയായി ആദ്യ രണ്ട് പ്രസവത്തിൽ ഉണ്ടാകുന്ന ആട്ടിൻ കുഞ്ഞുങ്ങളെ സ്‌കൂളിൽ തിരികെ നൽകുകയും, ആട് വളർത്തലിൽ താൽപര്യമുളള കുട്ടികൾക്ക് വരും വർഷങ്ങളിൽ കുഞ്ഞുങ്ങളെ നൽകാനുമാണ് ഉദ്ദേശിക്കുന്നത്.
ആടിനെ പരിപാലിക്കുന്നതിലൂടെ കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും ശുദ്ധമായ പാൽ ഉപയോഗത്തിലൂടെ ആരോഗ്യകരമായ ഒരു തലമുറയെ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തൊടുപുഴ സെന്റ്.സെബാസ്റ്റ്യൻസ് യു.പി സ്‌കൂൾ പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്‌കൂൾ മാനേജർ ഫാ.ഡോ.ജിയോ തടിക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗം പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജെയ്‌സൺ ജോർജ്ജ്, ഡോ.സാജു ജോസഫ്, ഡോ.ജിജിമോൻ, ഡോ.ഗദ്ദാഫി, അദ്ധ്യാപകരായ ഷിന്റോ ജോർജ്ജ്, അനീഷ് ജോർജ്ജ്, ബിന്ദു ഒലിയപ്പുറം എന്നിവർ പ്രസംഗിച്ചു.
തൊടുപുഴ സെന്റ്.സെബാസ്റ്റ്യൻസ് യു.പി സ്‌കൂൾ ആനിമൽ വെൽഫയർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഞാനും എന്റെ കുഞ്ഞാടും പദ്ധതി ഉദ്ഘാടനം പി.ജെ ജോസഫ് എം.എൽ.എ നിർവ്വഹിക്കുന്നു