ഇടുക്കി: മെഡിക്കൽ കോളേജിന് അംഗീകാരം നല്കുന്നതിന് മുന്നോടിയായുള്ള പരിശോധനയ്ക്ക് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ സംഘം ഡിസംബർ 15നകമെത്തും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ മുന്നോടിയായി ജില്ലാ കളക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ യോഗം ചേർന്നു.

ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഒഴിവ് 80 ശതമാനത്തോളം നികത്തിയിട്ടുണ്ട്. ബാക്കി ഉടനെ പൂർത്തിയാക്കുമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ.പി.പി മോഹനൻ അറിയിച്ചു.

ആശുപത്രി ബ്ലോക്കിനോടു ചേർന്നുള്ള ജില്ലാ പഞ്ചായത്തിന്റെ കെട്ടിടം പുതിയ മോർച്ചറിക്കും മറ്റു സൗകര്യങ്ങൾക്കുമായി തരണമെന്ന് ജില്ലാ പഞ്ചായത്തിനോട് അഭ്യർത്ഥിച്ചു. കുട്ടികൾക്കും മറ്റു ജീവനക്കാർക്കുമായി താമസസൗകര്യത്തിനായി പൈനാവ് എസ്.ബി.ഐ യുടെ പുറകിലുള്ള കെട്ടിടവും ഡി.റ്റി.പി.സിയുടെ കെട്ടിടവും ഉപയോഗിക്കും. കെട്ടിടനിർമാണതടസ്സങ്ങൾ അടിയന്തിരമായി വാഴത്തോപ്പ് പഞ്ചായത്ത് പരിഹരിക്കുമെന്ന് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ റോയി ജോസഫ് അറിയിച്ചു. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കി ലാബുകൾ,ഐ.സി യൂണിറ്റുകൾ തുടങ്ങിയവ പൂർണ്ണസജ്ജമാക്കും.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്സ്യ പൗലോസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ,മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ.പി.പി മോഹനൻ, വാഴത്തോപ്പ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ റോയി ജോസഫ് , സുഷ കുമാരി, സജി ജോസഫ്, ജസ്റ്റിൻ ഫ്രാൻസിസ്, ഡോ.അരുൺ എസ്, തുടങ്ങിയവർ പങ്കെടുത്തു.