രാജാക്കാട്: ശാന്തമ്പാറ പന്നിയാർ ഹാരിസൺ മലയാളം എസ്റ്റേറ്റിൽ ഒറ്റയാന്റെ ആക്രമണത്തിൽ നാല് സ്ത്രീ തൊഴിലാളികൾക്ക് പരിക്കേറ്റു. പന്നിയാർ എസ്റ്റേറ്റ് ലയത്തിലെ മുക്കുടാതി (50), സെൽവി (45), ശകുന്തള (45), കണ്ണകി (40) എന്നിവർക്കാണ് പരിക്കേറ്റത്. മുക്കുടാതിക്ക് മൂന്ന് വാരിയെല്ലുകൾ ഒടിയുകയും ഹൃദയഭാഗത്ത് ചവിട്ടേൽക്കുകയും ചെയ്ത് ഗുരുതരാവസ്ഥയിലുള്ളത്. എല്ലാവരെയും തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. തേയിലത്തോട്ടത്തിലെ കാടുപിടിച്ച ഭാഗത്ത് പണിക്കെത്തിയ ഇവരെ കാട്ടിൽ പതുങ്ങി നിന്നിരുന്ന ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് മുക്കുടാതി നിലത്ത് വീണു. മുന്നോട്ട് കുതിച്ച ആന ശകുന്തളയുടെ തോളിൽ തുമ്പിക്കൈകൊണ്ട് പിടിച്ചെങ്കിലും ഭാഗ്യംകൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു. ഇവരുടെ തോളിന് സാരമായ പരിക്കുണ്ട്. മുന്നോട്ട് കുതിച്ച ആനയുടെ കാൽ തട്ടിയാണ് മുക്കുടാതിയുടെ വാരിയെല്ലുകൾ ഒടിഞ്ഞതെന്ന് കരുതുന്നു. മറ്റുള്ളവർക്കും തുമ്പിക്കൈക്കുള്ള അടിയേറ്റും ഓട്ടത്തിനിടെ ഉരുണ്ട് വീണും പരിക്കേൽക്കുകയായിരുന്നു. സ്ത്രീകളുടെ നിലവിളികേട്ട് ഓടിയെത്തിയ മറ്റ് തൊഴിലാളികളാണ് ആനയെ ഓടിച്ചുകയറ്റി ഇവരെ രക്ഷപെടുത്തിയത്. ആക്രമണം നടന്നതിന് മുകൾഭാഗത്തായി മറ്റൊരു ആനക്കൂട്ടം നിൽക്കുന്നുണ്ടായിരുന്നു. അവശനിലയിലായിരുന്ന സ്ത്രീകളെ ഉടൻ തന്നെ തേനി മെഡിക്കൽ കോളേജിലേക്ക് നാട്ടുകാർ കൊണ്ടുപോയി. ഇടത് നെഞ്ചിൽ മുറിവേറ്റിരിക്കുന്ന മുക്കുടാതിക്ക് ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ്. ആക്രമണം ഉണ്ടായ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ മാനേജ്‌മെന്റ് അറിയിച്ചില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.