തൊടുപുഴ: സെൻട്രൽ കേരള സഹോദയ കലോത്സവത്തിന് വിമല പബ്ലിക് സ്‌കൂളിൽ തുടക്കമായി. ആദ്യ ദിനം പിന്നിട്ടപ്പോൾ പോയിന്റ് നിലവാരത്തിൽ മൂവാറ്റുപുഴ നിർമല പബ്ലിക് സ്‌കൂൾ 559 പോയിന്റുമായി ഒന്നാമതാണ്. അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂൾ 419 പോയിന്റുമായി രണ്ടാമതും തൊടുപുഴ ജയ്‌റാണി പബ്ലിക് സ്‌കൂൾ തൊടുപുഴ 377 പോയിന്റോടെ മൂന്നാമതുമാണ്. പാതുവാപുരം നൈപുണ്യ പബ്ലിക് സ്‌കൂൾ പാദുവാപുരം- 354, തൊടുപുഴ വിമല പബ്ലിക് സ്‌കൂൾ- 352 എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. 20 ഇനങ്ങൾ ഇന്നലെ പൂർത്തിയായി. സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് റവ. ഡോ. സിജൻ ഊന്നുകല്ലേൽ കലോത്സവം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പലും സെൻട്രൽ കേരള സഹോദയ ജോയിന്റ് സെക്രട്ടറിയുമായ സിസ്റ്റർ എലൈസ് സി.എം.സി അദ്ധ്യക്ഷത വഹിച്ചു. വികാർ പ്രൊവിൻഷ്യാൾ സിസ്റ്റർ ഡിവോഷ്യ സി.എം.സി, സ്‌കൂൾ ഡയറക്ടർ സിസ്റ്റർ വിസിറ്റേഷൻ, ലോക്കൽ മാനേജർ സിസ്റ്റർ ആൽഫി സി.എം.സി, പി.ടി.എ പ്രസിഡന്റ് ടോം. ജെ. കല്ലറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. സി.കെ.എസ് സെക്രട്ടറി ജോൺസൺ മാത്യു, വൈസ് പ്രസിഡന്റ് ബോബി ജോസഫ്, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിസ്ബത്ത്, കെ.ജി. ഹെഡ്മിസ്ട്രസ്മാരായ സിസ്റ്റർ ശോഭിത, സിസ്റ്റർ റോസ് മാത്യു, പ്രോഗ്രാം കോഓർഡിനേറ്റർ ഗിരീഷ് ബാലൻ എന്നിവർ പങ്കെടുത്തു. കലോത്സവം ഇന്ന് സമീപിക്കും. വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ മുഖ്യാതിഥിയാകും.