മൂന്നാർ: അഞ്ചുനാട് മേഖലയിൽ കാട്ടുപന്നികൂട്ടം ക്രമാതീതമായിപെറ്റുപെരുകി വ്യാപകമായി കൃഷിവിളകൾ നശിപ്പിച്ച് വരുന്നത് കർഷകന്റെ
നിലനിൽപിന് തന്നെ വെല്ലുവിളിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രികാന്തല്ലൂർ കൂടവയൽ സ്വദേശി ആർ. ഗണപതിയുടെയും മുരുകന്റെയും കരിമ്പ്കൃഷി വ്യാപകമായി നശിപ്പിച്ചു. മുരുകന്റെ മൂന്ന് ഏക്കറിൽ ഒന്നരയേക്കറോളവും ഗണപതിയുടെ ഒരു ഏക്കറോളവും കരിമ്പാണ് കൂട്ടമായെത്തിയ കാട്ടുപന്നികൾ കഴിഞ്ഞ ദിവസങ്ങളിൽ നശിപ്പിച്ചത്. രാപ്പകൽ വ്യത്യാസമില്ലാതെ പറമ്പിൽ കാവലിരുന്നിട്ടും രക്ഷയില്ലാത്ത അവസ്ഥയാണിവിടെ. ഒരുഭാഗത്ത് കാവലിരുന്നാലും മറ്റൊരുവശത്തുകൂടി വളർച്ചയെത്താറായ കരിമ്പ് വ്യാപകമായി നശിപ്പിക്കുകയാണ്. കടവും മറ്റും വാങ്ങി പാട്ടത്തിനെടുത്ത സ്ഥലത്തിറക്കിയ കൃഷി ഇത്തരത്തിൽ നശിപ്പിക്കപ്പെടുന്നത് തങ്ങളുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാക്കിയതായി ഇരു കർഷകരും പറയുന്നു. ഇത് ഇവരുടെ മാത്രം അവസ്ഥയല്ല, മറിച്ച് പ്രദേശത്തെ ഭൂരിഭാഗം കർഷകരും ക്രമാതീതമായി പെറ്റുപെരുകിയിരിക്കുന്ന കാട്ടുപന്നികൂട്ടത്താൽ ദുരിത്തിലായിരിക്കുകയാണ്. വാനര ശല്യവും രൂക്ഷമാണ്. കാട്ടുപന്നികൾ ജനവാസമേഖലയിലേക്ക് കടക്കാതെ വനംവകുപ്പ് ഇടപെട്ട് സംരക്ഷണ വേലിയോ മറ്റുപ്രതിരോധ മാർഗങ്ങൾക്കായുള്ള നടപടികളോ സ്വീകരിക്കണമെന്നതാണ് പ്രദേശത്തെ കർഷകരുടെ ആവശ്യം.