തൊടുപുഴ: ശ്രീനാരായണ ഗുരുദേവൻ രചിച്ച കുണ്ഡലിനിപ്പാട്ടിന്റെ മോഹിനിയാട്ട നൃത്താവിഷ്‌ക്കാരം 'ഏകാത്മകം മെഗാ ഇവന്റ്' 2020 ജനുവരി 18 ന് തൃശൂർതേക്കിൻകാട് മൈതാനിയിൽ നടക്കും. ഇതിന് മുന്നോടിയായുള്ള യൂണിയൻ തല പരിശീലന കളരി തൊടുപുഴയിൽ നടന്നു. യൂണിയൻ കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടി അഡ്മിനിസ്‌ട്രേറ്റ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. കെ.സോമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ വി.ജയേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ, സെക്രട്ടറി മൃദുല വിശ്വംഭരൻ എന്നിവർ 'ഏകാത്മകം മെഗാ ഇവന്റ്' നെക്കുറിച്ച് പരിശീലനാർഥികൾക്ക് വിശദീകരണം നൽകി. ഗുരുദേവന്റെ കുണ്ഡലിനി പാട്ടിനെയും അതിന്റെ ചരിത്രത്തെയും കുറിച്ച് ജനങ്ങൾക്ക് അവബോധമുണ്ടാക്കുക എന്നതിന് പുറമേ 5000 വനിതകളെ പങ്കെടുപ്പിച്ചുള്ള നൃത്താവിഷ്‌കാരത്തിലൂടെ ഗിന്നസ് റെക്കോഡും ലക്ഷ്യമിടുന്നുണ്ട്. തൊടുപുഴ യൂണിയനിൽ നിന്നും 101പേരാണ് മെഗാ ഇവന്റിൽ പങ്കെടുക്കുക.