ഇടുക്കി: ജില്ലയിലെ ഭൂ പ്രശ്‌നങ്ങളുടെ പേരിൽ യു.ഡി.എഫ് ആരംഭിച്ചിരിക്കുന്ന സമര കോലാഹലങ്ങളും 28ന് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലുംഇടതുപക്ഷത്തിനെതിരായ രാഷ്ട്രീയ സമരമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. അധികാരത്തിൽ ഇരുന്നപ്പോൾ ചെയ്ത ജനദ്രോഹ ചെയ്തികൾ മറച്ച് വയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ യു.ഡി.എഫ് നടത്തുന്നത്. ഭൂമിപതിവ്ചട്ടങ്ങൾ കൊണ്ടുവന്നതൊന്നും ഇടതുപക്ഷ സർക്കാരുകളല്ല. 1964 ലെ ഭൂമിപതിവ് ചട്ടം കൊണ്ടു വന്നത് കോൺഗ്രസ് നേതാവ് ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. 1993 ലെ ചട്ടം കെ.എം. മാണി റവന്യൂ മന്ത്രിയും കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. 1961ൽ മൂവായിരത്തോളം കർഷക കുടുംബങ്ങളെ അയ്യപ്പൻകോവിലിൽ നിന്ന് കുടിയിറക്കിയത് കോൺഗ്രസ് സർക്കാരാണ്. 1964ലും 1989 ലും കുടിയിറക്കിയത് കോൺഗ്രസ് മുഖ്യമന്ത്രിമാർ ഭരിക്കുമ്പോഴാണ്. നിർമാണ നിയന്ത്രണം ഏർപ്പെടുത്തിയ 2010 ലെ ഹൈക്കോടതി വിധി സൃഷ്ടിച്ച പ്രതിസന്ധി മറിക്കടക്കാൻ അഞ്ച് കൊല്ലത്തോളം അധികാരത്തിൽ ഇരുന്ന യു.ഡി.എഫ് സർക്കാർ ഒന്നും ചെയ്തിട്ടില്ല. പട്ടയത്തിന് വരുമാന പരിധി ഏർപ്പെടുത്തിയതും കൈവശമുള്ള ഒരേക്കർ ഭൂമിക്ക് മാത്രമേ പട്ടയം അനുവദിക്കൂവെന്ന് തീരുമാനിച്ചതും 12 വർഷത്തേക്ക് പട്ടയം കൈമാറ്റം ചെയ്യാൻ പാടില്ലെന്ന് വിലക്കിയതും യു.ഡി.എഫ് സർക്കാരാണ്. ഏലം കൃഷിക്കാരുടെ രജിസ്‌ട്രേഷൻ പുതുക്കാൻ അനുവദിക്കാതിരുന്നതും പുതിയ രജിസ്‌ട്രേഷൻ വിലക്കിയതും യു.ഡി.എഫാണ് സർക്കാരാണെന്നും കെ.കെ. ശിവരാമൻ പറഞ്ഞു.