തൊടുപുഴ : ജില്ലയിലെ മലയോര മേഖലയിൽ മത്സൃകൃഷി വ്യാപിപ്പിക്കുന്നതിനായി സ്വകാര്യ വ്യക്തികളും ഫിഷറിസ് വകുപ്പും സഹകരിച്ച് മത്സ്യ ഉത്പാദനവും വിപണനവും ശക്തിപ്പെടുത്തണമെന്ന് മന്ത്രി എം എം മണി പറഞ്ഞു. വാത്തികുടി പഞ്ചായത്തിലെ തോപ്രാംകുടിയിൽ ഉൾനാടൻ ശുദ്ധജല മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാത്തികുടി ഗ്രാമപഞ്ചായത്തിലെ ഒരുകൂട്ടം യുവാക്കൾ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് മത്സ്യകൃഷി ആരംഭിച്ചത്.ഇരുപത്തി മൂന്നു ലക്ഷം രൂപ മുതൽ മുടക്കി നടത്തിയ മത്സ്യകൃഷിയുടെ ആദ്യ വിളവെടുപ്പിൽ ഇരുപതു ടൺ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവാക്കൾ. വാത്തികുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ രാജു യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്ത് അംഗം നോബിൾ ജോസഫ് ആദ്യവില്പന നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് അംഗം സി വി വർഗീസ്, സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ വിളവെടുപ്പ് മഹോത്സവത്തിൽ പങ്കെടുത്തു.