തൊടുപുഴ: സംസ്ഥാനത്തിന്റെ പ്രത്യേകിച്ച് ഇടുക്കി ജില്ലയുടെ വിനോദ സഞ്ചാര മേഖലക്ക് അനന്ത സാദ്ധ്യകളോടെ മലങ്കര ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാവുകയാണ്. വിസ്തൃതമായ ഇടുക്കി ജില്ലയിലെ ടൂറിസം പദ്ധതികൾ ഓരോന്നും വിവിധ മേഖലകളിലായിട്ടാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ പ്രാദേശികമായി ഓരോ പ്രദേശത്തെയും ടൂറിസം സാദ്ധ്യതകൾ ഒന്നിനൊന്ന് വിഭിന്നവുമാണ്. ചില സ്ഥലങ്ങളിൽ പ്രകൃതി തന്നെ സ്വാഭാവികമായി അണിയിച്ചൊരുക്കിയ കാഴ്ച്ചകളാലും മറ്റ് ചിലയിടങ്ങളിൽ കൃത്രിമമായി സജ്ജമാക്കിയ കാഴ്ച്ചകളാലും വശ്യമനോഹാരിതയാണ് ജില്ലയിലെ ടൂറിസം ഭൂപടം. കൃത്യമായ ആസൂത്രണത്തിലൂടെ അണിയിച്ചൊരുക്കിയാൽ "മലങ്കരയിലെ വിനോദ സഞ്ചാര പദ്ധതി " കളെ വൻ സാദ്ധ്യതകളോടെ ടൂറിസത്തിന്റെ ഹബ്ബാക്കി അണിയിച്ചൊരുക്കാൻ കഴിയും. മുൻ എൽ ഡി എഫ് സർക്കാരിന്റെ ഭരണകാലത്ത് വി എസ് അച്യുതാനന്ദൻ മന്ത്രി സഭയിൽ വിദ്യാഭ്യാസം - പൊതുമരാമത്ത് മന്ത്രിയായിരുന്ന പി ജെ ജോസഫും ആഭ്യന്തര - ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും ചേർന്നാണ് മലങ്കര ടൂറിസം പദ്ധതി വിഭാവനം ചെയ്ത് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തതും. ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് വേണ്ടി അന്ന് സംസ്ഥാന ടൂറിസം വകുപ്പ് 4 കോടി രൂപയും പിന്നീട് 24 കോടി രൂപയും അനുവദിച്ചിരുന്നു. കൂടാതെ അടുത്ത നാളിൽ പദ്ധതിക്കായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ധനസഹായത്തോടെ 100 കോടി രൂപയുടെ പ്രഖ്യാപനവും നടത്തിയിരുന്നു.പദ്ധതിയുമായി ബന്ധപ്പെട്ട് മലങ്കര അണക്കെട്ടിന്റെ ഒരു വശം മണ്ണിട്ട് നികത്തുകയും ബോട്ടിംഗ് യാർഡ് നിർമ്മിക്കുകയും ചെയ്തതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർണ്ണമായും നിലച്ചിരുന്നു. ഇതേ തുടർന്ന് പ്രാദേശികമായി വ്യാപകമായ ആക്ഷേപങ്ങൾ ഉയരുകയും എൻട്രൻസ് പ്ളാസയുടേയും കുട്ടികളുടെ പാർക്കിന്റെയും നിർമ്മാണം ആരംഭിക്കുകയും ചെയ്തു.ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ 25 ലക്ഷം രൂപ മുടക്കിയാണ് കുട്ടികളുടെ പാർക്ക് നിർമ്മിച്ചത്. എന്നാൽ പ്രവർത്തന സജ്ജമായ ബോട്ടിംഗ് യാർഡും എൻട്രൻസ് പ്ളാസയും കുട്ടികളുടെ പാർക്കും പൊതുജനത്തിന് തുറന്ന് കൊടുക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് തികഞ്ഞ അലംഭാവമാണുണ്ടായത്. സർക്കാരിന്റെ അംഗീകൃത ഏജൻസിയായ ഹാബിറ്റാറ്റിനായിരുന്നു എൻട്രൻസ് പ്ലാസയുടെ നിർമാണ ചുമതല. ഇതിന്‌ മാത്രം മൂന്ന് കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ 2018 ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനം മുതൽ എൻട്രൻസ് പ്ലാസ ഉദ്ഘാടനം ചെയ്യുന്നതിന് പല തിയതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നുമില്ല. എൻട്രൻസ് പ്ലാസയുടെ നിർമ്മാണവും മേൽനോട്ടവും ജില്ലാ ടൂറിസം വകുപ്പ് നേരിട്ടാണ് നടത്തുന്നത്. എന്നാൽ മലങ്കര ടൂറിസം പദ്ധതിയുടെ മറ്റ് പ്രവർത്തികളും കുട്ടികളുടെ പാർക്കും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലുമാണ് സജ്ജമാക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും പ്രദേശം സന്ദർശിക്കാൻ അനേകം ആളുകൾ കുടുംബ സമേതം ഇവിടെ എത്തുന്നുണ്ട്. സുരക്ഷാ കാരണങ്ങളുടെ പേരിൽ മലങ്കര അണക്കെട്ട് സന്ദർശിക്കാൻ അധികൃതർ വർഷങ്ങളായിട്ട് വിലക്ക് ഏർപ്പെടുത്തിട്ടിരുന്നു. മലങ്കര ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടുള്ള എൻട്രൻസ് പ്ലാസയും കുട്ടികളുടെ പാർക്കും നവംബർ 2 ന് പൊതു ജനത്തിന് തുറന്ന് തുറന്ന് കൊടുക്കുന്നതിനൊപ്പം ജനത്തിന് അണക്കെട്ട് കാണാനുള്ള അവസരവും നൽകാൻ സർക്കാർ താളത്തിൽ തീരുമാനമായിട്ടുണ്ട്.

മലങ്കര പദ്ധതിയിൽ വിഭാവനം ചെയ്തത് -

(1)മലങ്കര അണക്കെട്ടിൽ നിന്ന് ശങ്കരപ്പള്ളി ഭാഗത്തേക്ക്‌ ബോട്ട് സവാരി. (2)മലമ്പുഴ മോഡൽ പൂന്തോട്ടം. (3) പക്ഷി സങ്കേതം. (4) അണക്കെട്ടിന് നടുക്ക് വെള്ളം കെട്ടി കിടക്കുന്ന തുരുത്തുകളിൽ കൃത്രിമമായ വനം സജ്ജമാക്കൽ. (5)അണക്കെട്ടിന്റെ രണ്ട് വശങ്ങളെയും ബന്ധിപ്പിക്കുന്ന റോപ്പ് വേ. (6) വെള്ളത്തിന്റെ തീരങ്ങളിലൂടെ സൈക്കിൾ സവാരി. (7) കുട്ടികളുടെ പാർക്ക്. (8) ദുബായ് മോഡൽ എൻട്രൻസ് പ്ലാസ. (9) ഫുഡ്‌ പാർക്ക്. (10) ടൂറിസം ഇൻഫർമേഷൻ കേന്ദ്രം.