road

ചെറുതോണി: കരിമ്പൻ മുരിക്കാശ്ശേരി റോഡ് ഒന്ന് കടന്ന്പോകണമെങ്കിൽ ചില്ലറ പെടാപ്പാടല്ല വേണ്ടത്. അത്രമാത്രം തകർന്ന് തരിപ്പണമായി കിടക്കുകയാണ് പത്ത് കിലോമങ്ങറുള്ളള റോഡ്. ഒന്നര വർഷമായി നാട്ടുകാർ കഷ്ടപ്പാട് സഹിച്ച്പോരുന്നു. പ്രളയകാലത്തിന് മുമ്പ് തകർന്ന റോഡിലൂടെ കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയായി. മുരിക്കാശ്ശേരി, തോപ്രാംകുടി, കമ്പിളികണ്ടം ഭാഗത്തേയ്ക്കുള്ള നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി വന്നുപോകുന്നത്. റോഡിന്റെ പല ഭാഗത്തും കുഴികൾ, അതും വലിയ കുഴികൾ രൂപംകൊണ്ട് വെള്ളംകെട്ടിനിൽക്കുകയാണ്. 10 കിലോമീറ്റർ ദൂരം വരുന്നതാണ് റോഡ്. റോഡിന്റെ ഭൂരിഭാഗവും കടന്നുപോകുന്നത് വാത്തിക്കുടി പഞ്ചായത്തിലൂടെയാണ്. റോഡ് മോശമായതോടെ അപകടങ്ങളും വർദ്ധിച്ചുതുടങ്ങി. ഇരുചക്രവാഹനങ്ങളാണ് പലപ്പോഴും കുഴികളിൽ ചാടി അപകടങ്ങളിൽ പെടുന്നത്. പതിനാറാംകണ്ടം ഹയർസെക്കണ്ടറി സ്‌കൂൾ തുടങ്ങി മുരിക്കാശ്ശേരി പാവനാത്മാ കോളേജ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഏക ആശ്രയം ഈ റോഡ് മാത്രമാണ്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും റോഡിനോടുള്ള അവഗണന ഇപ്പോഴും തുടരുകയാണ്.