വസ്തു പ്രമാണം കൈമാറി
നെടുങ്കണ്ടം: മലയോര നിവാസികളുടെ ദീർഘനാളത്തെ ആവശ്യത്തിന് പ്രാഥമിക അംഗീകാരമെന്ന നിലയിൽ നെടുങ്കണ്ടം കെഎസ്.ആർ ടി സി ഓപ്പറേറ്റിംഗ് സെന്ററിന് ഭൂമി ലഭ്യമായി. നെടുങ്കണ്ടം പഞ്ചായത്ത് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭൂമിയുടെ പ്രമാണം മന്ത്രി എം എം മണി കെ.എസ്.ആർ.ടിസി എക്സി. ഡയറക്ടർ എം.പി. സുകുമാരന് കൈമാറി.
പൂപ്പാറ റോഡിൽ 1.66 ഏക്കർ സ്ഥലമാണ് കെ.എസ് ആർ ടി സിക്ക് ലഭിച്ചിരിക്കുന്നത്.
കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ പൊതു സമൂഹത്തിന്റെ മുഴുവൻ പിന്തുണയും സഹകരണവും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഭാവിയിൽ ഡിപ്പോ എന്നതായിരിക്കണം ലക്ഷ്യം. ജനങ്ങളുടെ വളരെ നാളത്തെ ആവശ്യത്തിന്റെ ഫലപൂർത്തീകരണത്തിന്റെ തുടക്കമാണിതെന്ന് കെ എസ് ആർ ടി സി ഡയറക്ടർ ബോർഡംഗം സി.വി വർഗീസ് പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. സുകുമാരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള വിശ്വം ഭരൻ , കെ എസ് ആർ ടി സി മുൻ ഡയറക്ടർ ബോർഡംഗം ശ്രീമന്ദിരം ശശികുമാർ , നെടുങ്കണ്ടം സഹകരണ ബാങ്ക് പ്രസിഡന്റ് എൻ കെ ഗോപിനാഥൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ. സദാശിവൻ, ടി എം ജോൺ., അനിൽ കട്ടുപ്പാറ, ജോയി അമ്പാട്ട്, സനൽകുമാർ മംഗലശേരി, എം എസ്. ഷാജി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ കെ ജയകുമാർ, വനം വികസന കോർപറേഷൻ ചെയർമാൻ പി.എൻ വിജയൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
20 ബസ് സർവീസുകൾ ഇപ്പോൾ നെടുങ്കണ്ടത്ത് നിന്നുണ്ട്. മെഡിക്കൽ കോളജ്, എറണാകുളം ഉൾപ്പെടെയുള്ള ഇടങ്ങളിലേക്ക് നാലു സർവീസുകൾ കൂടി ആരംഭിച്ചിട്ടുണ്ട്. ഡിപ്പോയായി ഉയരണമെങ്കിൽ 50 ബസ് സർവീസുകൾ ആവശ്യമാണ്.
പുതിയ ഓപ്പറേറ്റിംഗ് സെന്ററിന്റെ പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്ന് അനുവദിക്കും, തുക ഈ വർഷം തന്നെ അനുവദിക്കും.
മന്ത്രി എം എം മണി