മുട്ടം: മലങ്കര ടൂറിസം പദ്ധതിക്ക് പി ജെ ജോസഫ് എം എൽ എ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു. പദ്ധതി പ്രദേശത്ത് ടൈൽസ് പാകി നടപ്പാത മനോഹരമാക്കുന്ന പ്രവർത്തികൾക്കാണ് ഫണ്ട് അനുവദിച്ചത്. മലങ്കര ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തിയായ കുട്ടികളുടെ പാർക്ക് മുതൽ ടൂറിസം എൻട്രൻസ് പ്ലാസ വരെയുള്ള നടപ്പാതയിൽ നിലവിൽ ടൈൽസ് വിരിച്ച് മനോഹരമാക്കിട്ടിട്ടുണ്ട്. എൻട്രൻസ് പ്ലാസ മുതൽ മാത്തപ്പാറ ഐ എച്ച് ഡി പി ഭാഗത്തേക്ക് മണ്ണിട്ട് നികത്തിയ സ്ഥലത്തേക്കുള്ള നടപ്പാതയിൽ ടൈൽസ് സ്ഥാപിക്കാനാണ് പുതിയതായി അനുവദിച്ച ഫണ്ട് ഉപയോഗിക്കുന്നത്. മഴ പെയ്താൽ മണ്ണിട്ട് നികത്തിയ ഭാഗങ്ങളിൽ ചെളി നിറയുന്നത് ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി എം എൽ എ യുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അടിയന്തിരമായി ഫണ്ട് അനുവദിച്ചത്.