തൊടുപുഴ: നിഷ്പക്ഷമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന പത്രമാണ് കേരളകൗമുദിയെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. കേരളകൗമുദിയുടെ നവീകരിച്ച ഇടുക്കി ജില്ലാ ബ്യൂറോ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഭരണസിരാകേന്ദ്രങ്ങളിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിരുന്ന പത്രമാണ് കേരളകൗമുദിയെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരത്തിന് പ്രാധാന്യം നൽകി കേരളകൗമുദി പ്രസിദ്ധീകരിച്ച സപ്ലിമെന്റിനെ ജോസഫ് പ്രശംസിച്ചു. വിനോദസഞ്ചാരത്തിന് കേരളം ഇത്രയും പ്റാധാന്യം കൊടുത്താൽ പോരെന്ന് അദ്ദേഹം പറഞ്ഞു. കേരളം പ്രാധാന്യം കൊടുക്കേണ്ട ഒന്നാമത്തെ കാര്യം ടൂറിസമാണെന്ന് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാം പറഞ്ഞിട്ടുണ്ട്. കേരളത്തിലെ വ്യത്യസ്തമായ ഭൂപ്രകൃതി ടൂറിസത്തിന് വളരെ അനുയോജ്യമാണ്. വരുംകാലങ്ങളിൽ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് മാത്രമേ നമുക്ക് മുന്നോട്ടുപോകാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ നമുക്ക് ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി എം.എം. മണി മറുപടിയായി പറഞ്ഞു. ടൂറിസം അടിസ്ഥാനമാക്കി കേരളകൗമുദി ഇറക്കിയ സപ്ലിമെന്റ് ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണിയും യൂണിയൻ വൈസ് ചെയർമാൻ ഡോ. എം.എൻ. സോമനും ചേർന്ന് പ്രകാശനം ചെയ്തു. തൊടുപുഴ മുൻസിപ്പൽ ചിൽഡ്രൻസ് പാർക്കിന് എതിർവശത്ത് മംഗലത്ത് ബിൽഡിംഗ്‌സിലാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്‌.