തൊടുപുഴ: മുതലക്കോടത്തെ മൊബൈൽ ഷോപ്പിലും ഹോട്ടലിലും മോഷണം നടത്തിയ കുട്ടി മോഷ്ടാവ് അറസ്റ്റിൽ. പട്ടയംകവല ആർപ്പാമറ്റം സ്വദേശിയായ 16കാരനാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു മോഷണം നടന്നത്. മുതലക്കോടം പള്ളിയുടെ സമീപത്ത് അടുത്തിടെ ആരംഭിച്ച മൊബൈൽ ഷോപ്പിലും സെന്റ് ജോർജ് ഹോട്ടലിലുമാണ് ഷട്ടറിന്റെ താഴ് തകർത്ത് മോഷ്ടാവ് കയറിയത്. മൊബൈൽ ഷോപ്പിൽ നിന്ന് നന്നാക്കാൻ ഏൽപ്പിച്ച മൊബൈലുകളടക്കം ആകെ 15,000 രൂപ വില വരുന്ന ഏഴ് മൊബൈൽ ഫോണുകളാണ് കവർന്നത്. ഹോട്ടലിൽ നിന്ന് 1500 രൂപയും മോഷ്ടിച്ചു. ശനിയാഴ്ച മൊബൈലുകളിലൊന്ന് നഗരത്തിലെ ഒരു മൊബൈൽ കടയിലെത്തിച്ച് വിൽക്കാൻ ശ്രമിച്ചിരുന്നു. സംശയം തോന്നിയ കടയുടമ ഇത് വാങ്ങാതെ കുട്ടിയെ മടക്കി അയച്ചു. പിന്നീട് ഇക്കാര്യം ദൃശ്യങ്ങൾ സഹിതം പൊലീസിന് കൈമാറി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുട്ടി മോഷ്ടാവ് കുടുങ്ങുന്നത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പരിശോധനയിൽ ബാഗിൽ നിന്ന് മൊബൈൽഫോണുകളും കണ്ടെത്തി. പ്രതിയെ ഇവിടെയെത്തിച്ച് തെളിവെടുത്തു. കുട്ടി കഞ്ചാവിന് അടിമയാണെന്നും പൊലീസ് പറയുന്നു. ലഹരിമുക്തിക്കായി മുമ്പ് കുട്ടി ചികിത്സ തേടിയിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയെ ജുവനൈൽ ജസ്റ്റിസിന് മുമ്പിൽ ഹാജരാക്കി കാക്കനാട് ജുവനൈൽ ഹോമിലേക്ക് മാറ്റി.