തൊടുപുഴ: പന്നൂർ സെന്റ് ജോൺസ് പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയതിനെ തുടർന്ന് യാക്കോബായ വിശ്വാസികൾ പള്ളിക്ക് മുന്നിലെ റോഡിൽ വികാരധീനരായി കുർബാന അർപ്പിച്ചു. പള്ളിയുടെ താഴെയുള്ള കുരിശിന് സമീപത്തായാണ് കുർബാന നടത്തിയത്. ശനിയാഴ്ചയാണ് കോടതി ഉത്തരവിനെ തുടർന്ന് പള്ളിയുടെ പൂർണ അധികാരം ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറിയത്. ഇന്നലെ രാവിലെ ഏഴരയ്ക്ക് തുടങ്ങിയ കുർബാന മൂന്ന് മണിക്കൂറോളം നീണ്ടു. സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറോളം വിശ്വാസികളാണ് റോഡരികിൽ നടത്തിയ പ്രാർഥനയിൽ പങ്കെടുക്കാനെത്തിയത്. പ്രാർത്ഥനയ്ക്കിടെ പുരോഹിതരും വിശ്വാസികളും കണ്ണീരണിഞ്ഞു. ഇതേസമയം പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗക്കാർ കുർബാന നടത്തി.
ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം
കുർബാനയ്ക്ക് ശേഷം പള്ളിയുടെ സെമിത്തേരിയിൽ പ്രാർത്ഥിക്കാനെത്തിയ യാക്കോബായ വിശ്വാസികളെ ഓർത്തഡോക്‌സ് വൈദികർ തടഞ്ഞു. ഇതോടെ ഇരുവിഭാഗക്കാരും തമ്മിൽ തർക്കമായി. ഇതോടെ കരിങ്കുന്നം സി.ഐ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ ഇരുവിഭാഗവുമായി ചർച്ച നടത്തി. വിശ്വാസികൾ സെമിത്തേരിയിൽ കയറുന്നത് തടയണമെന്ന നിർദേശം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെയാണ് യാക്കോബായക്കാർ സെമിത്തേരിയിൽ കയറി പ്രാർഥന നടത്തിയത്.