ഇടുക്കി: ജില്ലയിലെ കുടിയേറ്റ കർഷകരെ കൈയേറ്റക്കാരായി ചിത്രീകരിച്ച് നിയമക്കുരുക്കിലാക്കുന്ന ഇടതുസർക്കാർ കൊടും കുറ്റവാളികളെയും ഭൂമാഫിയകളെയും സംരക്ഷിക്കാൻ അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി പറഞ്ഞു. ഇടുക്കിയിലെ ജനവിരുദ്ധ ഉത്തരവുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ എം.എൽ.എ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിൽ യു.ഡി.എഫ് നടത്തിയ ഹർത്താലിന് ആഭിമുഖ്യം അറിയിച്ചാണ് എം.എൽ.എ ഉപവാസ സമരം നടത്തിയത്. 1500 ചതുരശ്ര അടിയിലധികമുള്ള വീടുകൾപോലും നിർമിക്കാനാകാത്ത സ്ഥിതിയിലേക്ക് ജില്ല നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് റോഷി പറഞ്ഞു. ഇടുക്കിയിലെ കർഷക ജനതയെ എൽ.ഡി.എഫ്. സർക്കാർ തുടർച്ചയായി വേട്ടയാടുകയാണെന്നും സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശം കവർന്നെടുക്കുവാൻ ആരെയും അനുവദിക്കില്ലെന്നും സമരത്തെ അഭിവാദ്യം ചെയ്യാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പഞ്ഞു. യാഥാർത്ഥ്യ ബോധമില്ലാതെ സർക്കാർ ഇറക്കിയ ഉത്തരവ് ജില്ലയിലെ കാർഷിക വ്യാപാര ടൂറിസം രംഗത്ത് വൻപ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഉത്തരവുകൾ പൂർണമായും പിൻവലിക്കുന്നതുവരെ യു.ഡി.എഫ് സമരത്തിന് നേതൃത്വം നൽകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. എൻ. ജയരാജ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. സമരത്തിന് അഭിവാദ്യമർപ്പിച്ച് യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹന്നാൻ എം.പി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ, ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ, അബ്ദുൽവഹാബ് എം.പി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, പി.ടി. തോമസ്, എം. വിൻസെന്റ്, കെ.എം.ഷാജി, അൻവർ സാദത്ത്, ടി.വി ഇബ്രാഹിം, എം.സി ഖമറുദ്ദീൻ എന്നിവർ സംസാരിച്ചു.