തൊടുപുഴ: മുതലിയാർമഠം ശ്രീ മഹാദേവ ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിന് മുന്നോടിയായി അഷ്ടമംഗല ദേവപ്രശ്ന പരിഹാര ക്രിയകൾക്ക് തുടക്കമായി. ഇന്ന് രാവിലെ ആറിന് ഗണപതി ഹോമം,​ തുടർന്ന് തിലഹോമം,​ കാൽകഴുകിച്ചൂട്ട്,​ വിഷ്ണുസഹസ്രനാമജപം,​ ഭഗവത് സേവ,​ നാളെ രാവിലെ ആറിന് ഗണപതി ഹോമം,​ തുടർന്ന് തിലഹോമം,​ സായൂജ്യപൂജ,​ മൂന്ന് ദേവന്മാർക്കും കലശാഭിഷേകം എന്നിവ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട കാവനാട്ട്മന പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.

'ദളിത് ഐക്യം അനിവാര്യം"

തൊടുപുഴ: ദളിത് സമുദായാംഗങ്ങൾ സമൂഹത്തിന്റെ എല്ലാ മേഖലകളിലും മുഖ്യധാരയിലേക്ക് ഉയർന്ന് വരാൻ ദളിത് ഐക്യം അനിവാര്യമാണെന്ന് കേരള ചേരമർ സംഘം സംസ്ഥാന സെക്രട്ടറി രാജൻ മക്കുപാറ പറഞ്ഞു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഉണ്ണി കാരമക്കടവിൽ,​ അനു,​ വിനോദ് എന്നിവർ പ്രസംഗിച്ചു.

സ്വാഗതസംഘം രൂപീകരിച്ചു

മുതലക്കോടം: ജയ് ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ കേരളത്തിലെ അഞ്ച് പ്രൊഫഷണൽ നാടക സമിതികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെ തൊടുപുഴ ടൗൺ ഹാളിൽ നടക്കുന്ന മൂന്നാമത് സംസ്ഥാന നാടകോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കെ.എം. ബാബു (ചെയർമാൻ)​ കെ.സി. സുരേന്ദ്രൻ (പ്രസിഡന്റ്)​,​ ഷാജുപോൾ (സെക്രട്ടറി),​ അജയ് തോമസ്, എ.പി. കാസിം,​ കെ.എം. രാജൻ,​ പി.ആർ ബിനോയ്,​ എ.എൻ മോഹനൻ,​ വി.കെ രാജു (വൈസ് പ്രസിഡന്റുമാർ)​,​ ജോസ് തോമസ്,​ മുഹമ്മദ് നജീബ്,​ പി. വിനോദ്,​ കെ.പി സജി,​ ഇ.കെ. മനോജ്,​ ബേബി മാത്യു (ജോ. സെക്രട്ടറിമാർ)​ എന്നിവർ ഭാരവാഹികളായി 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

ആരോഗ്യ ബോധവത്കരണ സെമിനാർ

തൊടുപുഴ: ഇടുക്കി നെഹ്രു യുവകേന്ദ്രയുടെ സഹകരണത്തോടെ ജില്ലാ യൂത്ത് ക്ളബ് കല്ലാനിക്കൽ സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂളിൽ ആരോഗ്യ ബോധവത്കരണ സെമിനാർ നടത്തി. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ബിജോയ് മാത്യു അദ്ധ്യക്ഷത വഹിച്ചു. 'ജീവിതശൈലീ രോഗങ്ങൾ" എന്ന വിഷയത്തിൽ ഡോ. ജി. പ്രേംകുമാർ ക്ളാസ് നയിച്ചു.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

തൊടുപുഴ: കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 1985 ലെ പഴയ പദ്ധതി പ്രകാരമുള്ള,​ ക്ഷേമനിധി കുടിശിഖ വരുത്തിയ വാഹന ഉടമകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പലിശയും പിഴപലിശയും ഒഴിവാക്കി ക്ഷേമനിധി അടയ്ക്കുന്നതിന് ഡിസംബർ 31 വരെ സമയം അനുവദിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862- 220308.

ബ്ളോക്ക് സമ്മേളനം

തൊടുപുഴ: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൊടുപുഴ ബ്ളോക്ക് സമ്മേളനം നടത്തി. പ്രസിഡന്റ് എൻ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. 'ഗാന്ധിജിയും ദേശീയതയും" എന്ന വിഷയത്തിൽ വി.എസ്. ബാലകൃഷ്ണപിള്ള പ്രഭാഷണം നടത്തി. കെ.വി. മാത്യു,​ കെ.പി. റോസക്കുട്ടി,​ സി.എസ്. ശശീന്ദ്രൻ,​ എം.ജെ. മേരി,​ ചെല്ലപ്പൻ,​ സാംസ്കാരിക വേദി കൺവീനർ പി.വി. ജോസ് എന്നിവർ സംസാരിച്ചു.

വയലാൽ അനുസ്മരണം

ചിറ്റൂർ: ജവഹർ മെമ്മോറിയൽ പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടത്തി. ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡന്റ് കെ.ആർ രമണൻ ഉദ്ഘാടനം ചെയ്തു. കെ.എസ് തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.

പന്നിഫാമുകൾ അടച്ച് പൂട്ടണം

തൊടുപുഴ : വണ്ണപ്പുറം പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാമുകൾ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. പട്ടയക്കുടി​- മുള്ളരിങ്ങാട്​-നാരുകാനം​-മുണ്ടൻമുടി​- കാളിയാർ തുടങ്ങിയ ഭാഗങ്ങളിൽ ഗുരുതരമായ മാലിന്യ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ട് അന്യ ജില്ലകളിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ കൊണ്ടുവരുന്നുണ്ട്. പന്നികൾക്ക് ഉപയോഗിക്കാൻ പറ്റാത്ത മാലിന്യം റോഡിലും പൊതുസ്ഥലങ്ങളിലും നിക്ഷേപിക്കുന്നതിനാൽ ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതിനാൽ അധികാരികൾ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് പന്നിഫാമുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു. നടപടികൾ സ്വീകരിക്കാത്ത പക്ഷം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു.

ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ്

തൊടുപുഴ: ജില്ലാ ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ ചുങ്കം സെന്റ് മേരീസ് ഫൊറോനാ ചർച്ച് സ്റ്റേഡിയത്തിൽ ഇന്ന് നടക്കും. 1​-1-2002 ന് ശേഷം ജനിച്ചവർക്ക് മത്സരത്തിൽ പങ്കെടുക്കാം. എറണാകുളം ജില്ലയിലെ പറവൂരിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും. ചുങ്കം സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. സുനിൽ പാറയ്ക്കൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.