ഇടുക്കി: ആഗസ്റ്റ് എട്ടിലെ വിവാദ ഉത്തരവ് പിൻവലിക്കുക, എട്ടു വില്ലേജുകളിലെ നിർമ്മാണ നിരോധനം പിൻവലിക്കുക, ഭൂമി പതിവ് ചട്ടങ്ങൾ മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിൽ ഇന്നലെ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണവും സമാധാനപരവുമായിരുന്നു. തൊടുപുഴ ടൗണിൽ പൂർണമായും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നെങ്കിലും ഗ്രാമപ്രദേശങ്ങളിൽ ഭാഗികമായി തുറന്നു. ഏതാനും സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങി. കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകൾ സർവീസുകൾ നടത്തി. എന്നാൽ ഹൈറേഞ്ച് മേഖലയിലേക്കുള്ള സർവീസുകൾ മുടങ്ങി. സിവിൽ സ്റ്റേഷനിൽ ഹാജർനില കുറവായിരുന്നു.
ജില്ലാ ആസ്ഥാന മേഖലയിൽ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി ബസുകൾ പല മേഖലകളിൽ സർവീസ് നടത്തിയത് ജനങ്ങൾക്ക് ആശ്വാസമായി. കളക്ട്രേറ്റ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ ഹാജർ നില കുറവായിരുന്നു. കളക്ട്രറ്റിൽ 15 ശതമാനമായിരുന്നു ഹാജർ നില.
അടിമാലി മേഖലയിൽ ജനജീവിതം പാടെ സ്തംഭിപ്പിച്ച ഹർത്താൽ നിരത്തുകളും വിജനമാക്കി. വിരലിലെണ്ണാവുന്ന സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ഹർത്താൽ നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാൽ വിനോദ സഞ്ചാര വാഹനങ്ങൾ തീരെ കുറവായിരുന്നു. രാവിലെ സർവീസ് നടത്തിയ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ ഒഴിച്ചാൽ മറ്റ് ബസുകളോ ടാക്‌സി വാഹനങ്ങളോ നിരത്തിലിറങ്ങിയില്ല. ഇരുമ്പുപാലത്തും അടിമാലിയിലും ആനച്ചാലിലും കല്ലാറിലും ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ഹർത്താലുമായി സഹകരിക്കില്ലെന്നറിയിച്ചിരുന്നെങ്കിലും വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചില്ല. അടിമാലി മേഖലയിലെ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിച്ചില്ല. സർക്കാർ ഓഫീസുകളിൽ ഹാജർനില 25 ശതമാനത്തിലും താഴെയായിരുന്നു.
ഹർത്താലിൽ തോട്ടംമേഖല പൂർണമായും നിശ്ചലമായി. തൊഴിലാളികളുമായി തമിഴ്നാട്ടിൽ നിന്ന് വാഹനങ്ങൾ എത്താതിരുന്നതിനെ തുടർന്ന് ഏലത്തോട്ടങ്ങളിലൊന്നും പണികൾ നടന്നില്ല. രാജാക്കാട്, രാജകുമാരി, പൂപ്പാറ, ശാന്തമ്പാറ മേഖലകളിലും കടകൾ അടഞ്ഞുകിടന്നു.
ഹർത്താൽ ദിനത്തിലും തേക്കടിയിൽ വനം വകുപ്പിന്റെയും കെ.ടി.സി.സിയുടെയും ബോട്ടുകളാണ് യാത്ര നടത്തിയത്. വിനോദ സഞ്ചാരികളുടെയടക്കം തമിഴ്‌നാട്ടിൽ നിന്നെത്തിയ വാഹനങ്ങൾ കുമളി ടൗൺ, ഒന്നാംമൈൽ, ചെളിമടകവല തുടങ്ങിയ പ്രദേശങ്ങളിൽ ഹർത്താൽ അനുകൂലികൾ അഞ്ച് മിനിട്ടോളം തടഞ്ഞ് നിറുത്തിയശേഷം വിട്ടയച്ചു. കുമളിയിലെ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞ് കിടന്നു. തമിഴ്‌നാട്ടിൽ നിന്ന് ബസിൽ എത്തിയ യാത്രക്കാർ ബുദ്ധിമുട്ടി.
അതിർത്തിഗ്രാമമായ മറയൂരിലും ഹർത്താൽ പൂർണമായിരുന്നു. തമിഴ്നാട്ടിൽ നിന്ന് വന്ന വാഹനങ്ങൾ പെട്രോൾപമ്പ് ജംഗ്ഷനിൽ തടഞ്ഞ ശേഷം കടത്തിവിട്ടു. കാന്തല്ലൂരിലും കോവിൽക്കടവിലും വ്യാപാരസ്ഥാപനങ്ങൾ തുറന്നില്ല.
ജില്ലയിലൊരിടത്തും അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. യു.ഡി.എഫ് പ്രവർത്തകർ വിവിധയിടങ്ങളിലെ പ്രധാന ടൗണുകളിൽ പ്രകടനം നടത്തി. ജില്ലയിലെ മലയോര കർഷകരുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും മേൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിച്ചേൽപ്പിക്കുന്ന ആർ.സി.ഇ.പി കരാറും കെട്ടിട നിർമാണ നിരോധന നിയമവും പൂർണമായും പിൻവലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ടൂറിസത്തിന് തിരിച്ചടി
ദീപാവലി അവധിക്ക് പിന്നാലെയെത്തിയ ഹർത്താൽ ജില്ലയിലെ വിനോദസഞ്ചാരമേഖലയെ സാരമായി ബാധിച്ചു. ദീപാവലി അവധിക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി സഞ്ചാരികൾ മൂന്നാർ, തേക്കടി തുടങ്ങിയ സ്ഥലങ്ങളിൽ എത്താറുള്ളതാണ്. ഹർത്താലിൽ നിന്ന് വിനോദസഞ്ചാരികളെ ഒഴിവാക്കിയിരുന്നെങ്കിലും ഇത്തവണ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്ന് ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു. ബുക്കിംഗുകൾ പലതും ഹർത്താൽ പ്രഖ്യാപിച്ചതോടെ റദ്ദാക്കിയതായി ഹോട്ടൽ- റിസോർട്ട് അധികൃതർ പറയുന്നു. പ്രളയശേഷം കരകയറി വരുന്ന ടൂറിസം മേഖലയ്ക്കിത് കനത്ത തിരിച്ചടിയായി. ഹർത്താലറിയാതെ എത്തിയ പല സഞ്ചാരികളും യാത്രയ്ക്കും ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടി. തമിഴ്നാട്ടിൽ നിന്നാണ് വിനോദസഞ്ചാരമേഖലയിൽ കൂടുതൽ പേരെത്തിയത്.
എ.ടി.എമ്മുകൾ കാലി
മൂന്ന് ദിവസം തുടർച്ചയായി ബാങ്ക് അവധിയായതോടെ ജില്ലയിൽ പലയിടത്തും എ.ടി.എം മെഷീനുകളിൽ പണമില്ലാതായത് ജനങ്ങളെ വലച്ചു. 26ന് നാലാം ശനിയാഴ്ചയും ഇന്നലെ ഹർത്താലുമായതിനാലാണ് തുടർച്ചയായി ബാങ്ക് അവധിയായത്.