മറയൂർ: സ്‌കൂൾ പരിസരത്ത് കഞ്ചാവ് എത്തിച്ച് ചെറിയ പൊതികളാക്കി വിറ്റ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ റിമാന്റ് ചെയ്തു. മറയൂർ ടൗണിലെ സർക്കാർ സ്‌കൂൾ പരിസരത്ത് നിന്ന് മറയൂർ നാച്ചിവയൽ പുത്തൻ പുരക്കൽ വീട്ടിൽ സുഭാഷ് (30), പോണ്ടിച്ചരി തട്ടാൻ ചാവടി സ്വദേശി നാഗഭൂഷണം(33) എന്നിവരെയും നാച്ചിവയൽ ബാല ഭവന് സമീപത്ത് നിന്ന് കർണ്ണാടക ഉദുപ്പി സ്വദേശി മടൂർ കളപ്പുര സനീഷുമാണ് (34) പിടിയിലായത്. സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിറ്റിരുന്ന സംഘത്തെയാണ് മറയൂരിലെ വിവിധ ഭാഗങ്ങളിൽ നിന്ന് സബ് ഇൻസ്‌പെക്ടർ ജി അജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്.

സ്ഥിരമായി സ്‌കൂൾ കൂട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും പ്രദേശത്തെ യുവാക്കൾക്കും ലഹരി മരുന്ന് എത്തിച്ച് നൽകിയിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് മറയൂർ പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിയത്. പിടിയിലായവരെ ദേവികുളം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മറയൂർ സബ് ഇൻസ്‌പെക്ടർ ജി. അജയകുമാർ, അഡീഷണൽ എസ്.ഐ വി.എം. മജീദ്, സിവിൽ പൊലീസ് ഓഫീസർമാരായ, അനുകുമാർ, അജീഷ് പോൾ, ജാഫർ മുഹമ്മദ് എന്നിവരൂടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.