arrest
ലഹരി മരുന്നുമായി പിടിയിലായ സാഹിൽ, അഫ്നാസ്

മറയൂർ: കാലിഫോർണിയ- 61 എന്ന പേരിലറിയപ്പെടുന്ന മാരക മയക്കുമരുന്നായ 400 മില്ലിഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുകളുമായി എറണാകുളം സ്വദേശികളായ രണ്ട് യുവാക്കൾ മറയൂരിൽ പിടിയിൽ. എറണാകുളം തൃക്കാക്കര വില്ലേജിൽ ഇടപ്പള്ളി ടോൾ സ്‌കൂൾ പറമ്പ് വീട്ടിൽ അഫ്നാസ് (21), എറണാകുളം നോർത്ത് വട്ടേക്കുന്ന ഭാഗത്ത് കുണ്ടം പറമ്പ് വീട്ടിൽ സാഹിൽ (20) എന്നിവരാണ് അറസ്റ്റിലായത്. കൊട്ടാക്കമ്പൂർ തട്ടാംപാറയിൽ സംഘടിപ്പിച്ച നിശാപാർട്ടിയിൽ പങ്കെടുത്തവർക്ക് ഇവ നൽകിയ ശേഷം മടങ്ങി വരുമ്പോഴാണ് രഹസ്യ വിവരത്തെ തുടർന്ന് മറയൂർ എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം മയക്കുമരുന്നുമായി യുവാക്കളെ പിടികൂടിയത്. പ്രതികൾ എക്‌സൈസ് സംഘത്തെ കണ്ടയുടൻ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പോക്കറ്റിൽ നിന്ന് എൽ.എസ്.ഡി സ്റ്റാമ്പുകൾ കണ്ടെത്തിയത്. നിശാപാർട്ടികളിൽ ബാംഗ്ലൂരിൽ നിന്നാണ് കാലിഫോർണിയ 61 എന്ന പേരിലറിയപ്പെടുന്ന മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന് പ്രതികൾ പറഞ്ഞു. വട്ടവടയിൽ രണ്ടാം തവണയാണ് എത്തിക്കുന്നതെന്നും മൊഴി നൽകി. ബി.ബി.എ വിദ്യാർത്ഥിയായ പ്രതി അഫ്നാസ് മുമ്പ് കഞ്ചാവ് കേസിൽ അറസ്റ്റിലായിട്ടുണ്ട്. മറയൂർ എക്‌സൈസ് ഇൻസ്‌പെക്ടർ സുധീപ് കൂമാർ എം പി, പ്രിവന്റീസ് ഓഫീസർ കെ.ആർ. സത്യൻ, സിവിൽ എക്‌സൈസ് ഓഫീസർ എ.സി. നെബു, പി.ടി. വിഷ്ണു, റോജിൻ അഗസ്റ്റിൻ, എഫ്. പ്രബിൻ എന്നിവർ അടങ്ങുന്ന എക്‌സൈസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും ദേവികുളം കോടതിയിൽ ഹാജരാക്കും. പ്രതികൾ സഞ്ചരിച്ച ബൈക്കും മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അതിമാരക മയക്കുമരുന്ന്

സ്റ്റാമ്പ് രൂപത്തിലുള്ള ഒരെണ്ണം നാലായി കീറിയെടുത്ത് നാക്കിനടിയിൽ വച്ചാണ് ഉപയോഗിക്കുന്നത്. ഇത് 750 രൂപയ്ക്കാണ് ബാംഗളൂരിൽ നിന്ന് കിട്ടുന്നത്. ഇത് കേരളത്തിൽ 3500 രൂപയ്ക്കാണ് വിൽക്കുന്നത്. പൂർണ ആരോഗ്യവാൻ ഉപയോഗിച്ചാൽ തന്നെ 48 മണിക്കൂർ ലഹരി നിലനിൽക്കും. ഈ മയക്കുമരുന്ന് ഉപയോഗിച്ചാൽ രക്ത സാമ്പിളിൾ പരിശോധിച്ച് കണ്ടെത്തണമെങ്കിൽ പൂനെയിൽ മാത്രമാണ് സൗകര്യമുള്ളത്. അതിനാൽ ഇവ ഉപയോഗിച്ചവരെ പിടികൂടി കേസ് തെളിയിക്കുന്നത് പ്രയാസകരമാണ്.