രാജാക്കാട്: ഹൈറേഞ്ചിലെ റോഡരികിലെല്ലാം കാട്ടുപടർപ്പുകൾ പടർന്നേറിയ 'പച്ച' പിടിച്ച വൈദ്യുതി ലൈനുകളാണ് അധികവും. അപകടം ക്ഷണിച്ചുവരുത്തി കാടുകയറിയ വൈദ്യുതിലൈനുകൾ നേരെയാക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. രാജാക്കാട്, രാജകുമാരി, ശാന്തമ്പാറ, സേനാപതി, ഉടുമ്പചോല പഞ്ചായത്തുകളിലായി നൂറിലധികം വൈദ്യുതി പോസ്റ്റുകളിലാണ് കാട് വളർന്ന് പന്തലിച്ച് കിടക്കുന്നത്. ലൈനുകൾക്ക് മുകളിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലകളും കാടുകയറിയ ലൈനുകളും ഈ മേഖലകളിലെ പതിവു കാഴ്ചയാണ്. നിരവധി വിദ്യാർത്ഥികളടക്കം കടന്നു പോകുന്ന വഴിയരികിലാണ് അപകടരമായ വൈദ്യുതി പോസ്റ്റുകൾ നിൽക്കുന്നത്. മാസങ്ങളായി ഇത്തരത്തിൽ ടച്ചിംഗ് വെട്ടാതെ കിടക്കുന്നത് വലിയ അപകടകൾക്ക് വഴിവയ്ക്കുമെന്നറിഞ്ഞിട്ടും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് അനക്കമില്ല.