palraj
പാൽ രാജ്

മറയൂർ: മറയൂർ ചന്ദന ഡിവിഷനിലെ നാച്ചിവയൽ റിസർവിൽ നിന്ന് ചന്ദന മരത്തിന്റെ കുറ്റികൾ കടത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. രാജകുമാരി മഞ്ഞക്കുഴി സ്വദേശി പാൽ രാജ് (39), മറയൂർ കണക്കായം കുടി സ്വദേശി ദുരൈ സ്വാമി (29) എന്നിവരെയാണ് മറയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അരൂൺ മഹാരാജയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പിടികൂടിയത്. പാൽ രാജിന്റെ ശാന്തപാറയിൽ നിന്നും ദുരൈ സ്വാമിയെ മറയൂരിൽ നിന്നുമാണ് പിടികൂടിയത്. 16നാണ് സംരക്ഷിത വനമേഖലയിലെ നാച്ചിവയൽ അമ്പലപ്പാറ ഭാഗത്ത് നിന്ന് മൂന്ന് ചന്ദന മരത്തിന്റെ കുറ്റികൾ പിഴുത് കടത്താൻ ശ്രമിച്ചത്. വനപാലർ മോഷ്ടാക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് വനപാലർ എത്തിയപ്പോൾ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. വനപാലകർ നടത്തിയ തിരച്ചിലിൽ റിസർവ് വനത്തിനുള്ളിൽ നിന്ന് എ.ടി.എം കാർഡ്, ബൈക്കിന്റെ താക്കോൽ, മൊബൈൽ ഫോൺ എന്നിവ ലഭിച്ചിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടെ 22 ന് വീണ്ടും അതേ ഭാഗത്ത് നിന്ന് ചന്ദന മരത്തിന്റെ കുറ്റി മോഷ്ടിച്ച് കടത്തുകയായിരുന്നു. പിന്നീട് നടത്തിയ ഉർജ്ജിത അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ ഒളിപ്പിച്ച ചന്ദന മരത്തിന്റെ വേരുകൾ കണ്ടെത്തി കസ്റ്റഡിയിൽ എടുത്തു. സംഘത്തിൽ തമിഴ്നാട് സ്വദേശിയായ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് വനപാലകർ അറിയിച്ചു.