വണ്ടിപ്പെരിയാർ: മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. വണ്ടിപ്പെരിയാർ വള്ളക്കടവ് തകടിയേൽ വീട്ടിൽ സുരേഷിനാണ് (31) കുത്തേറ്റത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തും ലോട്ടറി വ്യാപാരിയുമായ വണ്ടിപ്പെരിയാർ സ്വദേശി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് പറയുന്നതിങ്ങനെ: സുരേഷും സുഹൃത്തായ സന്തോഷും തമ്മിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തർക്കമുണ്ടായിരുന്നു. ഇത് രമ്യമായി പരിഹരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ഇരുവരും ബാറിലെത്തി മദ്യപിച്ചു. ഇതിനിടെ നേരത്തെ ഉണ്ടായ സംഭവത്തെക്കുറിച്ച് സംസാരിക്കുകയും വീണ്ടും തർക്കം ഉണ്ടാവുകയുമായിരുന്നു. തുടർന്ന് സന്തോഷ് കൈയിൽ കരുതിയിരുന്ന കത്തിപോലുള്ള ആയുധം കൊണ്ട് സുരേഷിനെ കുത്തുകയായിരുന്നു. വയറിന്റെ ഭാഗത്താണ് കുത്തേറ്റത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.