തൊടുപുഴ: ഹർത്താൽ ദിനത്തിൽ സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിന് പോകാനെത്തിയ താരങ്ങൾ അധികൃതരുടെ അനാസ്ഥമൂലം വഴിയിൽകുടുങ്ങി. തൃശൂർ നടക്കുന്ന സബ്ജൂനിയർ, ജൂനിയർ, സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായെത്തിയ കുട്ടികളാണ് പെരുവഴിയിലായത്. തിങ്കളാഴ്ച 12ന് തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തണമെന്നായിരുന്നു നീന്തൽതാരങ്ങൾക്ക് അധികൃതർ നൽകിയ അറിയിപ്പ്. രക്ഷിതാക്കളോടൊപ്പം 11ന് തന്നെ കുട്ടികൾ സ്റ്റാൻഡിൽ എത്തി. എന്നാൽ, കൂടെ പോകേണ്ട അദ്ധ്യാപകർ ആരും എത്തിയില്ല. അന്വേഷിച്ചപ്പോഴാണ് അദ്ധ്യാപകർക്ക് അറിയിപ്പ് കിട്ടിയില്ലെന്ന് അറിയുന്നത്. തുടർന്ന് കുട്ടികൾക്കൊപ്പം പോകേണ്ട ഒരു അദ്ധ്യാപകനെ വിവരമറിയിച്ചതിനെ തുടർന്ന് അദ്ദേഹവും ഒരു രക്ഷിതാവും കൂടി ചേർന്നാണ് കുട്ടികളെ തൃശൂരിലെത്തിച്ചത്.