തൊടുപുഴ: ആഗസ്റ്റ് 22ലെ വിവാദ സർക്കാർ ഉത്തരവും നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്റെ നിരാക്ഷേപ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ നാളെ തൊടുപുഴയിൽ ഉപവസിക്കും. മൂന്നാറിന്റെ പേര് പറഞ്ഞ് ജില്ലയ്ക്ക് മുഴുവൻ മുൻകാല പ്രാബല്യത്തോടെ ഉത്തരവിറക്കിയ സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് ജോണി നെല്ലൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത് ജനങ്ങളെ കുടിയിറക്കുന്നതിന് തുല്യമാണ്. 1964ലെ ഭൂപതിവു ചട്ടങ്ങളിൽ ഭേദഗതി വരുത്തണം. ആർ.സി.ഇ.പി കരാർ കേരളത്തിലെ കാർഷിക മേഖലയ്ക്ക് ദൂര വ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നതിനാൽ കരാറിൽ നിന്ന് ഇന്ത്യ പിൻമാറണം. സർക്കാർ ജില്ലയ്ക്കായി പ്രഖ്യാപിച്ച് 5000 കോടിയുടെ പാക്കേജ് ഉടൻ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാളെ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഉപവാസ സമരം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി, വൈസ് പ്രസിഡന്റ് റോയി കൊല്ലംപറമ്പിൽ, ഷാഹുൽ പള്ളത്തുപറമ്പിൽ, ബാബു വർഗീസ് എന്നിവരും പങ്കെടുത്തു.