മുട്ടം: പഞ്ചായത്ത്‌ പ്രദേശത്തിന്റെ വിവിധ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ സംബന്ധമുള്ള വിവരം പൊലീസിന് ലഭിച്ചു. തൊടുപുഴയിലുള്ള ചില വഴിയോര കച്ചവടക്കാരാണ് മലങ്കര, പെരുമറ്റം ഭാഗങ്ങളിൽ മാലിന്യം തള്ളുന്നതെന്നാണ് ഇത് സംബന്ധിച്ചുള്ള അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം. മുട്ടം ടൗൺ, ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, പെരുമറ്റം, ഹില്ലി അക്ക്വാ കുപ്പി വെള്ള ഫാക്ടറി എന്നിവിടങ്ങളിൽ അടുത്ത നാളുകളിൽ അഴുകിയ മത്സ്യ - മാംസ - ഹോട്ടൽ മാലിന്യങ്ങൾ തള്ളുന്നത് വ്യാപകമായിരുന്നു. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ച് കഴിഞ്ഞ് രാത്രി കാലങ്ങളിലാണ് റോഡ് വക്കിലും പുറമ്പോക്കുകളിലും മാലിന്യങ്ങൾ വ്യാപകമായി തള്ളിയിരുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പഞ്ചായത്തിലും മറ്റുള്ള അധികാര സ്ഥാനങ്ങളിലും പരാതിപ്പെടുകയും ചെയ്തിരുന്നു. അടുത്ത നാളിൽ മുട്ടം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിന് സമീപം ജനങ്ങൾ ഉപയോഗിക്കുന്ന കൈത്തോട്ടിൽ അഴുകിയ മത്സ്യ മാലിന്യവും കോഴി മാലിന്യവും തള്ളിയിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണത്തിൽ രാത്രി 12 മണിയോടെ ബൈക്കിലെത്തിയ രണ്ട് ആളുകൾ കൈത്തോട്ടിൽ മാലിന്യം തള്ളുന്നത് സമീപത്തുള്ള ഹോട്ടലിലെ ക്യാമറയിൽ പതിഞ്ഞിരുന്നു. എന്നാൽ ബൈക്കിലെത്തിയ ആളുകളുടെ മുഖം വ്യക്തമാകാത്തതിനാൽ മാലിന്യം തള്ളിയത് ആരാണെന്ന് വ്യക്തമായി കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് മുട്ടം സ്റ്റേഷനിലെ എസ് ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്പെഷ്യൽ സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു.