custums
ബോഡിമെട്ടിലെ രാജ മുദ്ര യുള്ള കസ്റ്റംസ് ഹൗസ്‌

രാജാക്കാട്:: രാജമുദ്രയുണ്ട്, പ്രൗഡിക്ക് ഒട്ടും കുറവില്ല,പക്ഷെ കെട്ടിടംഅനാഥാവസ്ഥയിലാണെന്ന് മാത്രം.കേരളാ തമിഴ്‌നാട് അതിർത്തിയിൽ ബോഡിമെട്ടിലുള്ള തിരിവിതാംകൂർ സർക്കാർ പണികഴിപ്പിച്ച കസ്റ്റംസ് ഹൗസാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്.രാജഭരണകാലത്താണ് ഖജനാവിലേയ്ക്ക് പണംകണ്ടെത്തുന്നതിനായി കേരളാ തമിഴ്‌നാട് അതിർത്തിയായ ബോഡിമെട്ടിൽ നികുതി പിരിക്കുന്നതിന് വേണ്ടി കസ്റ്റംസ് ഹൗസ് സ്ഥാപിച്ചത്. അധികാരത്തിന്റെ ശംഖ്മുദ്രയോടെ തലയുയർത്തിയാണ് വർഷങ്ങളോളം നിലകൊണ്ടത്.രാജഭരണമവസാനിച്ച് ജനാധിപത്യ സർക്കാർ അധികാരത്തിലെത്തിയതോടെ ഈ കെട്ടിടം വാണിജ്യ നികുതി വകുപ്പ് ഏറ്റെടുത്തു. തുടർന്ന് ഇവിടെ വാണിജ്യ നികുതി ചെക്ക് പോസ്റ്റ് ആരംഭിക്കുകയായിരുന്നു. കെട്ടിടം ഏറ്റെടുത്തിന് ശേഷം ഇത് വേണ്ട രീതിയിൽ അറ്റകുറ്റ പണി നടത്തി സംരക്ഷിക്കുന്നതിനും വകുപ്പ് തയ്യാറായിരുന്നില്ല. തുടർന്ന് രാജ്യത്ത് ഏകീകൃത നികുതി നടപ്പിലാക്കിയതോടെ വാണിജ്യ നികുതി ചെക്ക് പോസ്റ്റിന്റെ പ്രവർത്തനം നിലച്ചു. ഇതോടെ കെട്ടിടം പൂർണ്ണമായും അനാഥമായി. കെട്ടിടം സംരക്ഷിക്കുന്നതിന് നടപടി സ്വീകിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകരടക്കം രംഗത്തെത്തി. വാണിജ്യ നികുതി ചെക്ക് പോസ്റ്റിന്റെ പ്രവർത്തനം നിലച്ചതോടെ പരിമിതമായ സ്ഥലത്ത് പ്രവർത്തിക്കുന്ന എക്‌സൈസ് ചെക്ക് പോസ്റ്റിന്റെ പ്രവർത്തനം ഇവിടേയ്ക്ക് മാറ്റുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.