കട്ടപ്പന: താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഒ.പി കൗണ്ടറിന്റെ ഉദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിച്ചു. കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു.സംസ്ഥാന സർക്കാരിൽ നിന്നും അനുവദിച്ച അഞ്ചു ലക്ഷം രൂപയും ചേർത്ത് 12 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നഗരസഭ ആശുപത്രിയുടെ ഒ.പി. കൗണ്ടർ നവീകരിച്ചത്. ഒ.പി കൗണ്ടറിനോട് ചേർന്ന് ജീവിതശൈലി രോഗ നിർണ്ണയത്തിനും ഡോക്ടറുടെയും ഡയറ്റീഷ്യന്റെയും സേവനം ലഭിക്കുന്നതിനുമായി എൻ.സി.ഡി കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യ ഇൻഷ്വുറൻസിന്റെ ആനുകൂല്യം താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന രോഗികൾക്ക് ലഭ്യമാക്കുന്നതിനുളള പ്രത്യേക വിഭാഗം ഇതോടോപ്പം പ്രവർത്തനമാരംഭിക്കും. റോട്ടറി ക്ലബ് കട്ടപ്പന അപ് ടൗണാണ് ഇതിന് വേണ്ട സൗകര്യങ്ങൾ ആശുപത്രിക്ക് സ്‌പോൺസർ ചെയ്തിരിക്കുന്നത്. ആശുപത്രിക്കായി ഒരു ഐസിയു ആംബുലൻസ് ഉടൻ ലഭ്യമാക്കുമെന്ന് യോഗത്തിൽ ആശംസ പ്രസംഗം നടത്തിയ റോട്ടറി ക്ലബ്ബ് അപ്ടൗൺ പ്രസിഡന്റ് തോമസ് മാത്യു അറിയിച്ചു.
ആശുപത്രി കോൺഫ്രൻസ് ഹാളിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ആർ എം ഒ ഡോ. അഭിലാഷ് പുരുഷോത്തമൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ ലൂസി ജോയി, നഗരസഭ കൗൺസിലർമാർ, എച്ച് എം സി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ സ്വാഗതവും വാർഡ് കൗൺസിലർ സണ്ണി കോലോത്ത് നന്ദിയും പറഞ്ഞു.
കട്ടപ്പന താലൂക്ക് ആശുപത്രിയുടെ നവീകരിച്ച ഒ.പി കൗണ്ടർ അഡ്വ.ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യുന്നു