തൊടുപുഴ: നഗരത്തിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നഗരസഭാ കൗൺസിലർമാർക്ക് സമയമില്ല. പകരം നിസാര രാഷ്ട്രീയകാര്യങ്ങളുടെ പേരിൽ പരസ്പരം തമ്മിലടിക്കാനറിയാം. ഇന്നലെ ചേർന്ന നഗരസഭാ കൗൺസിലിലാണ് അംഗങ്ങളുടെ പൊതുജനസേവന താത്പര്യം വ്യക്തമായത്. 2017 ൽ ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം, ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ലോക് അദാലത്ത് എന്നിവയായിരുന്നു ചർച്ച. ദിവസവും നഗരത്തിലെത്തുന്ന ജനങ്ങൾ അനുഭവിക്കുന്ന ഗതാഗത പ്റശ്നമടക്കമുള്ള നിരവധി വിഷയങ്ങളാണ് ചർച്ച ചെയ്യാനുണ്ടായിരുന്നത്. തുടക്കത്തിൽ ആരോഗ്യകരമായാണ് ചർച്ച മുന്നോട്ടുപോയത്. മുൻ ചെയർപേഴ്സൺ സഫിയാ ജബ്ബാർ, വൈസ് ചെയർമാൻ എം.കെ. ഷാഹുൽഹമീദ്, മുൻ വൈസ് ചെയർമാൻ സി.കെ. ജാഫർ, ഇടത് അംഗങ്ങളായ രാജീവ് പുഷ്പാംഗദൻ, ആർ. ഹരി, കെ.കെ.ആർ. റഷീദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ലീഗൽ സർവീസ് അതോറിട്ടി നിർദേശിക്കുന്ന നല്ല കാര്യങ്ങൾ നടപ്പിലാക്കണമെന്ന പൊതുഅഭിപ്രായമാണ് എല്ലാ അംഗങ്ങളും പങ്കുവച്ചത്. ഇതിനിടെ മുൻവൈസ് ചെയർമാൻ ടി.കെ. സുധാകരൻ നായർ മുമ്പ് കൗൺസിൽ ഹാളിൽ കയറി ഡി.വൈ.എഫ്.ഐ പ്രവർത്തകർ നാശനഷ്ടമുണ്ടാക്കിയ കാര്യം ഉന്നയിച്ചു. തുടർന്ന് ഇതിന് മറുപടിയായി മുമ്പ് ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിലും നഗരസഭയിൽ സംഘർഷമുണ്ടാക്കിയിട്ടുണ്ടെന്ന്

കെ.കെ.ആർ റഷീദ് പറഞ്ഞു. തുടർന്ന് ഇരുകൂട്ടരും പരസ്പരം രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയതോടെ കൗൺസിൽ ബഹളമയമായി. തുടർന്ന് ഗൗരവമേറിയ വിഷയം ചർച്ച ചെയ്യുമ്പോൾ യു.ഡി.എഫ് അംഗങ്ങൾ പലരും പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടി രാജീവ് പുഷ്പാംഗദന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപോവുകയായിരുന്നു.

വഴിക്കണ്ണ് ജനം നെഞ്ചേറ്റി

ലീഗൽ സർവീസ് അതോറിട്ടിയുടെ വഴിക്കണ്ണ് പദ്ധതി തൊടുപുഴയിലെ ജനങ്ങൾ നെഞ്ചേറ്റി. നഗരസഭയ്ക്ക് ചെയ്യാനാകാത്ത പല കാര്യങ്ങളും ലീഗൽ സർവീസ് അതോറിട്ടിക്ക് സാധിക്കുന്നുണ്ട്. നഗരസഭയ്ക്ക് സാധിക്കാത്ത കാര്യങ്ങളിൽ അതോറിട്ടിയുടെ സഹായം തേടണം. നല്ല കാര്യങ്ങൾ നടപ്പിലാക്കുന്നതിന് അവർക്ക് പിന്തുണ കൊടുക്കേണ്ടതിന് പകരം അധികാരതർക്കമല്ല വേണ്ടത്.

-ആർ. ഹരി (എൽ.ഡി.എഫ് അംഗം)

''ലീഗൽ സർവീസ് അതോറിട്ടിയുമായി അഭിപ്രായവ്യത്യാസമില്ല. എന്നാൽ ബസ് റൂട്ടുകളടക്കം നിശ്ചയിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് നഗരസഭയാണ്. മറ്റ് ഗുണപരമായ കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ എതിർപ്പില്ല. നഗരത്തിൽ സ്ഥിരമായി ചില സ്ഥലങ്ങളിൽ വെള്ളക്കെട്ടുണ്ടാകുന്നുണ്ട്. മുമ്പ് പാടമായിരുന്ന ഈ സ്ഥലങ്ങളിൽ കൂടി തോട് ഒഴുകിയിരുന്നു. പാടം നികത്തി റോഡും കെട്ടിടവും നിർമിച്ചു. എന്നാൽ വെള്ളം ഒഴുകിപോകുന്നതിന് തോടിന് കുറച്ച് സ്ഥലം വിട്ടുനൽകാൻ ആരും തയ്യാറായില്ല."

- ജെസി ആന്റണി (നഗരസഭ ചെയർപേഴ്സൺ)

തീരുമാനമാകാതെ പോയത്

 നഗരത്തിലെ അമ്പതോളം ആട്ടോറിക്ഷാ സ്റ്റാൻഡുകൾ നിലനിറുത്തുന്ന കാര്യം

 ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കുന്നത്

 മങ്ങാട്ടുകവലയിൽ നിന്ന് ബസുകൾ ഓപറേറ്റ് ചെയ്യണമെന്നത് പാലിക്കാത്തത്

 റോഡുകൾ വൺവേയാക്കുന്നത് സംബന്ധിച്ച്