01

മറയൂർ: മറയൂർ ചന്ദന ഡിവിഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ചില്ല എന്ന ഓപ്പൺ മാർക്കറ്റിലെ വിറ്റു വരവ് രണ്ട് കോടി രൂപ കഴിഞ്ഞു. ഇന്നലെ നടന്ന ലേലത്തിലാണ് ചില്ലയിലെ ആദിവാസി ഉത്പന്നങ്ങളുടെ വിൽപന രണ്ട് കോടി പിന്നിട്ടത്. പാരമ്പര്യ ക്യഷി നടത്തി വരുന്ന ആദിവാസി സമൂഹം ഉൽപാദിപ്പിക്കുന്ന കാർഷികോ൹ന്നങ്ങൾ മുൻകാലത്ത് ന്യായ വില ലഭിക്കാതെയും ഇടനിലക്കാരുടെ ചൂഷണം മൂലവും കാർഷിക വൃത്തിയിലെ തിരിച്ചടികളും ക്യഷി ഉപേക്ഷിക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തിയ സാഹചര്യത്തിൽ മുൻ ഡിവിഷണൻ ഫോറസ്റ്റ് ഓഫീസർ സാബി വർഗ്ഗീസ് മറയൂർ റെയ്ഞ്ച് ഓഫീസർ എംജി. വിനോദ് കുമാറിന്റെയും പി.കെ. വിപിൻദാസിന്റെയും ദീർഘവീക്ഷണത്തിൽ ഉടലെടുത്ത ആശയമാണ് ''ചില്ല'' എന്ന ഓപ്പൺ മാർക്കറ്റ്. മറയൂർ റേഞ്ചിന്റെ അധികാര പരിധിയിൽപെട്ട പെരിയകുടി വന സംരക്ഷണ സമിതിയുടെ മേൽ നോട്ടത്തിൽ 2014 ഒക്ടോബറിലാണ് ചില്ലയുടെ പ്രവർത്തനം ആരംഭിച്ചത്. എല്ലാ വ്യാഴാഴ്ചയും രാവിലെ 10 മണിക്ക് മറയൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് ചില്ലയുടെ പ്രവർത്തനം ആരംഭിക്കുന്നു. എല്ലാ ആഴ്ചകളിലും മേഖലയിലുള്ള കച്ചവടക്കാർ, കുടുംബശ്രീ പ്രവർത്തകർ, ക്യഷിക്കാർ മറയൂരിലെത്തുന്ന സന്ദർശകർ എന്നിവരും ലേലത്തിൽ പങ്കെടുത്ത് വരുന്നു. ഒരു രൂപ പോലും മുതൽ മുടക്കില്ലാതെ മറയൂർ ഫോറസ്റ്റ് സ്റ്റേഷൻ വളപ്പിലാണ് ചന്ത നടക്കുന്നത്. മൂന്ന് വർഷത്തിനുള്ളിലാണ് 21 ആദിവാസി കോളനികളിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങൾക്ക് ഒരു കോടി രൂപ ലഭിച്ചത്.