തിരുവനന്തപുരം: ജില്ലയിൽ 1964 ലെ ഭൂപതിവു ചട്ടപ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ വാണിജ്യാവശ്യത്തിനുളള കെട്ടിടനിർമാണത്തിന് ഏർപ്പെടുത്തിയിട്ടുള്ള നിരോധനവും നിയന്ത്രണവും മാറ്റാനുള്ള സാദ്ധ്യത വിരളം. ആഗസ്റ്റ് 22ന് നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തി സർക്കാർ പുറപ്പെടുവിച്ച ഉത്തരവു പിൻവലിക്കണമെന്നും 64 ലെ ഭൂപതിവു ചട്ടത്തിൽ ഭേദഗതി വരുത്തണമെന്നുമുള്ള റോഷി അഗസ്റ്റിൻ എം.എൽ.എയുടെ സബ്മിഷനുള്ള മറുപടിയിലാണ് ഉത്തരവ് വീണ്ടും ആവർത്തിച്ചിരിക്കുന്നത്. കോടതി ഉത്തരവുകളുടെയും നിരന്തരമായ നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ കൂടിയാലോചനകൾ നടത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് സബ്മിഷനുള്ള മറുപടിയിൽ പറയുന്നു. കൃഷിക്കും ഗൃഹങ്ങൾക്കുമായി പതിച്ചുനൽകിയ ഭൂമി ദുരുപയോഗം ചെയ്യുന്നതായി വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് നിരോധന ഉത്തരവു പുറപ്പെടുവിച്ചിട്ടുള്ളതെന്നാണ് മറുപടിയിലുള്ളത്. കേരളത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ കാത്തുസൂക്ഷിക്കുന്നതിൽ അതിപ്രധാന പങ്കുവഹിക്കുന്ന പശ്ചിമഘട്ട മലനിരകളിൽ ഉൾപ്പെട്ട ഇടുക്കി ജില്ലയിലെ എട്ടുവില്ലേജുകൾ ഉൾപ്പെടുന്ന മൂന്നാർ പ്രദേശത്താണ് കെട്ടിട നിർമാണത്തിന് റവന്യൂ വകുപ്പിന്റെ എൻ.ഒ.സി നിർബന്ധമാക്കിയിട്ടുള്ളത്. 15 സെന്റിൽ താഴെയുള്ള പട്ടയ ഭൂമിയിൽ 1500 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള നിർമിതികൾ ക്രമവത്കരിച്ചു നൽകുന്നതിനുള്ള സദുദ്ദേശമാണ് ഉത്തരവിലുള്ളത്. ഇതിനു വിരുദ്ധമായ നിർമിതികൾ സർക്കാർ ഏറ്റെടുത്ത് കൈവശക്കാരനുതന്നെ ആവശ്യമെങ്കിൽ പാട്ടത്തിനു നൽകാനും വ്യവസ്ഥചെയ്തിട്ടുണ്ട്. ഇതും സാധാരണക്കാരെ സംരക്ഷിക്കാനുദ്ദേശിച്ചുള്ളതാണെന്നും റവന്യൂ വകുപ്പിന്റെ മറുപടിയിൽ പറയുന്നു. മറുപടിയുടെ ഒടുവിൽ ഭേദഗതിക്കായുള്ള നടപടി നടന്നുവരികയാണെന്ന ഒറ്റവരി ആശ്വാസ കുറിപ്പുമുണ്ട്.