തൊടുപുഴ: യു.ഡി.എഫ് സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന എൽ.ഡി.എഫ് ജില്ലാ കൺവീനറുടെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്. അശോകനും കൺവീനർ അലക്‌സ് കോഴിമലയും പറഞ്ഞു. 1964-ലെ ഭൂമി പതിവ് ചട്ടങ്ങൾ ഉണ്ടാക്കിയത് ആർ. ശങ്കർ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണെന്നും 1993-ലെ പ്രത്യേക ഭൂമിപതിവ് ചട്ടങ്ങൾ കെ. കരുണാകരൻ മുഖ്യമന്ത്രിയും കെ.എം. മാണി റവന്യൂ മന്ത്രിയും ആയിരുന്നപ്പോഴാണെന്നും ഇടതു മുന്നണി ഇപ്പോഴെങ്കിലും സമ്മതിച്ചത് നന്നായി. രണ്ടും ചരിത്ര നേട്ടം തന്നെയാണ്. മാറിയ സാഹചര്യത്തിൽ ഭൂമി പതിവ് ചട്ടങ്ങൾ മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്താലേ ജില്ലയെ മരടിന്റെ വഴിയിൽ നിന്ന് രക്ഷിക്കാനാവൂ. കേരളത്തിലെ മറ്റു ജില്ലകളിലെ ജനങ്ങൾ അനുഭവിക്കുന്ന അവകാശങ്ങൾ ഇടുക്കി ജില്ലക്കാർക്ക് മാത്രം നിഷേധിച്ച് 22-08-2019-ൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കയത് അന്യായമാണ്. വാണിജ്യ നിർമാണ പ്രവർത്തികൾ നടത്തിയ വസ്തുക്കളുടെ പട്ടയം റദ്ദാക്കി വസ്തുവും നിർമിതികളും പാട്ടത്തിന് നൽകും എന്ന 22-08-2019-ലെ ഉത്തരവ് സർക്കാർ ഇനിയും പിൻവലിച്ചിട്ടില്ല. സ്വന്തം ഭൂമിയിൽ അന്യരാക്കപ്പെടുന്നവരുടെ രക്ഷയ്ക്കും തുല്യ നീതിക്കുമായുള്ള സമരം ജനങ്ങൾക്ക് വേണ്ടിയാണ്. അതെങ്ങനെ ജനങ്ങളോടുള്ള വെല്ലുവിളിയാകുമെന്ന് തെളിയിക്കാൻ ഇടതു മുന്നണി തയ്യാറാകണം. ഭൂമി പതിവ് ചട്ടങ്ങൾ കാലോചിതമായി മുൻകാല പ്രാബ്യലത്തോടെ ഭേദഗതി ചെയ്യണമെന്ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും അടൂർപ്രകാശ് റവന്യൂമന്ത്രിയും ആയിരുന്ന കാലത്തും യു.ഡി.എഫ് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.