തൊടുപുഴ: തടവുപുള്ളികളെ കൊണ്ട് നിറയേണ്ട മുട്ടം ജയിലിൽ നിറയെ വിളഞ്ഞ് നിൽക്കുന്ന വാഴയും കപ്പയും ചേനയുമാണ്. ജയിൽ സൂപ്രണ്ട് ഉൾപ്പടെയുള്ള ജീവനക്കാരുടെയും അന്തേവാസികളുടെയും മാസങ്ങളായുള്ള തീവ്ര പരിശ്രമത്തെ തുടർന്നാണ് ഇവിടമെങ്ങും പച്ചപ്പ് നിറഞ്ഞത്. മുട്ടം ജില്ലാ ജയിലിന് സ്വന്തമായി ആകെ രണ്ടര ഏക്കർ സ്ഥലമാണുള്ളത്. ഇതിൽ ജയിൽ കെട്ടിടവും ജീവനക്കാർക്കുള്ള ക്വാട്ടേഴ്സും ഒഴിവാക്കി ബാക്കിയുള്ള ഒന്നര ഏക്കർ സ്ഥലത്താണ് വിവിധ ഇനങ്ങളിലുള്ള ഇരുപതിൽ പരം കാർഷിക വിളകൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്. 2018 നവംബർ മാസം ജില്ലാ ജയിൽ മുട്ടത്ത് പ്രവർത്തനം ആരംഭിച്ചെങ്കിലും കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് വളപ്പിൽ കൃഷി ആരംഭിച്ചത്. മുട്ടം കൃഷി ഭവനിൽ നിന്ന് സൗജന്യമായി ലഭിച്ചതും ജയിലിലെ ജീവനക്കാർ കൊണ്ടു വന്നതുമായ വിവിധ കാർഷിക വിളകളുടെ വിത്തുകളും ജൈവ വളങ്ങളും ഉപയോഗിച്ചായിരുന്നു തുടക്കം. ഉത്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ പ്രധാനമായും ജയിലിലെ അന്തേവാസികളുടെ ദൈനംദിന ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. അധികമായി ലഭിക്കുന്ന വിളകൾ പിന്നീട് സർക്കാർ നിർദ്ദേശ പ്രകാരം പൊതു മാർക്കറ്റിൽ വിൽപ്പനക്ക് നൽകും. കൃഷി ചെയ്യുന്ന തടവുകാർക്ക് ഒരു ദിവസം 127 രൂപ പ്രതിഫലമുണ്ട്. ജയിൽ മോചിതരാകുമ്പോൾ ഈ തുക കൈമാറും.

കൃഷി വകുപ്പ് ഒരു ലക്ഷം രൂപ നൽകി
ജില്ലാ ജയിൽ വളപ്പിൽ വിജയകരമായി നടപ്പിലാക്കുന്ന കാർഷിക പദ്ധതിയുടെ തുടർ പ്രവർത്തികൾക്ക് ജില്ലാ കൃഷി വകുപ്പ് ഒരു ലക്ഷം രൂപ നൽകി. കൃഷി വകുപ്പ് നിഷ്കർഷിച്ച രീതിയിൽ ജില്ലാ ജയിൽ അധികൃതർ കൃഷി വകുപ്പിന് വിശദമായ പ്രോജക്ട് തയ്യാറാക്കി നൽകിയതിനെ തുടർന്നാണ് തുക അനുവദിച്ചത്. പദ്ധതിക്ക് ആവശ്യമായ കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിനും വിളകൾ നനക്കുന്നതിന് പമ്പ് സെറ്റും അനുബന്ധ സാമഗ്രികൾ വാങ്ങുന്നതിനും കൃഷി കൂടുതൽ വിപുലമാക്കുന്നതിനുമാണ് ഈ തുക ഉപയോഗിക്കുന്നത്.

"സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ഇത്തരത്തിലുള്ള പദ്ധതികൾ നേരത്തെ മുതൽ സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്. എന്നാൽ ഋഷിരാജ് സിംഗ് ജയിൽ ഡി.ജി.പി ആയതിന് ശേഷമാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ആരംഭിച്ചത് "

-കെ.ബി. അൻസാർ,​ സൂപ്രണ്ട്, ജില്ലാ ജയിൽ.

''വിവിധ സർക്കാർ സ്ഥാപനങ്ങളിലും തരിശ് ഭൂമികളിലും കാർഷിക പദ്ധതികൾ പ്രോത്സാഹിപ്പിക്കണമെന്ന് നിർദ്ദേശ പ്രകാരം വിവിധ മേഖലകളിൽ ഇത്തരത്തിലുള്ള പ്രവർത്തികൾ കൃഷി വകുപ്പ് നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ജില്ലാ ജയിലിൽ പദ്ധതി നടപ്പിലാക്കുന്നത്."

-ബാബു ടി. ജോർജ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ