തൊടുപുഴ: മങ്ങാട്ടുകവലയിലെ ഓടയിലേക്ക് അറവുമാലിന്യമൊഴുക്കിയ മാംസ വിൽപ്പനശാല നഗരസഭ പൂട്ടിച്ചു. 25,​000 രൂപ പിഴയും ഈടാക്കി. മങ്ങാട്ടുകവലയിലെ സന്നാര ബീഫ് സ്റ്റാളാണ് പൂട്ടിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. മാംസവിൽപ്പനശാലയിൽ നിന്ന് കശാപ്പ് മാലിന്യമൊഴുക്കുന്നത് കണ്ടപ്പോൾ തന്നെ നാട്ടുകാർ നഗരസഭയെ വിവരമറിയിക്കുകയായിരുന്നു. രാവിലെ പത്തോടെ നഗരസഭയിൽ നിന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയപ്പോഴാണ് മാലിന്യമൊഴുകുന്നതായി കണ്ടെത്തിയത്. തുടർന്ന് സ്റ്റാൾ അടച്ചുപൂട്ടാൻ നിർദേശിക്കുകയായിരുന്നു. കണ്ടെത്തിയ പ്രശ്‌നങ്ങൾ പരിഹരിച്ച് നഗരസഭയെ ബോധ്യപ്പെടുത്തിയാൽ വിൽപ്പനശാല തുറന്ന് പ്രവർത്തിക്കാമെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യ വിഭാഗം സൂപ്പർവൈസർ രമേശ് കുമാറിന്റെ നിർദേശപ്രകാരം ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്. പ്രവീൺ, തൗഫീക് ഇസ്മായിൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജോയ്‌സ്, അശ്വതി എന്നിവരാണ് പരിശോധന നടത്തിയത്.