മുട്ടം: സമ്പൂർണ്ണ പ്ലാസ്റ്റിക് നിർമ്മാർജ്ജനപഞ്ചായത്താകാനുള്ള പദ്ധതിയുമായി മുട്ടം പഞ്ചായത്ത്‌. പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഗ്ലാസുകളുടെയും പ്ളേറ്റുകളുടെയും വില്പനയും ഉപയോഗവും പഞ്ചായത്തിന്റെ പരിധിയിൽ നിരോധനം ഏർപ്പെടുത്തി 2020 ജനുവരി 1 ന് മുട്ടം പഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രം, പൊലീസ്, വ്യാപാരി വ്യവസായി സംഘടനകൾ, കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിവിധ ക്ലബുകൾ, സാംസ്‌കാരിക സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് മുട്ടം പഞ്ചായത്ത് സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി നവംബർ 1 ന് രാവിലെ 10 ന് കേരളപ്പിറവി ദിനത്തിൽ ബഹുജന പങ്കാളിത്തത്തോടെ വിളംബര സന്ദേശ റാലി നടത്തും. വിളംബര റാലി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം പിള്ള ഫ്ലാഗ് ഓഫ് ചെയ്യും.