ഉടുമ്പന്നൂർ: ഉടുമ്പന്നൂർ ടൗണിലെ നാലോളം വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മോഷണം നടന്നതെന്നാണ് നിഗമനം. ഉഷസ് ഗാർമെന്റ്‌സ്, സുനിൽ ജ്വല്ലറി വർക്ക്‌സ്, കല്യാൺ കൃഷ്ണൻ ജ്വല്ലറി, അറമംഗലം ട്രേഡേഴ്‌സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കല്യാൺ കൃഷ്ണൻ ജൂവലറിയിൽ നിന്നും സുനിൽ ജ്വല്ലറി വർക്ക്‌സിൽ നിന്നും രണ്ടായിരത്തോളം രൂപയുടെ വെള്ളിയാഭരണങ്ങൾ കവർന്നു. അറമംഗലം ട്രേഡേഴ്‌സിൽ നിന്ന് രണ്ട് എൽ.സി.ഡി മോണിറ്ററും ചില്ലറ നാണയങ്ങളും ഉഷസ് ഗാർമെന്റ്‌സിൽ നിന്ന് തുണികളും മോഷ്ടിച്ചു. കടകളുടെ പൂട്ടു പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അറമംഗലം ട്രേഡേഴ്‌സിലെ സി.സി ടി.വിയിൽ നിന്ന് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മുഖംമൂടി ധരിച്ചിരിക്കുന്നതിനാൽ ഇവരെക്കുറിച്ച് സൂചന ലഭിച്ചില്ല. ഇടുക്കിയിൽ നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കരിമണ്ണൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് കരിമണ്ണൂർ എസ്‌.ഐ പി.ടി. ബിജോയി പറഞ്ഞു.