വണ്ണപ്പുറം: എസ്.എൻ.ഡി.പി യോഗം വണ്ണപ്പുറം ശാഖാ സ്ഥലത്ത് നിൽക്കുന്ന ജീർണിച്ച മരത്തിന്റെ വൈദ്യുതി പോസ്റ്റ് ദുരന്തം ക്ഷണിച്ചുവരുത്തുന്നു. ശാഖാ ഓഫീസ്, ഗുരുമന്ദിരം, ആഡിറ്റോറിയം എന്നിവയ്ക്ക് മുകളിലൂടെ വലിച്ചിരിക്കുന്ന 11 കെ.വി ലൈനിന്റെ പോസ്റ്റാണ് അപകടഭീഷണിയുയർത്തുന്നത്. ചെറു കാറ്റ് വീശിയാൽ പോലും കടപുഴകി വീഴാവുന്നത്ര ദുർബലമാണ് പോസ്റ്റ്. സമീപത്തെ
ആഡിറ്റോറിയത്തിൽ കല്യാണങ്ങൾ, യോഗങ്ങൾ, കുട്ടികളുടെ രവിവാര ക്ലാസുകൾ തുടങ്ങി നിരവധി പരിപാടികൾ ദിവസവും നടക്കുന്നതാണ്. പരിപാടികൾ നടക്കുമ്പോൾ മഴയും കാറ്റുമുണ്ടായാൽ പേടിച്ച് വേണം അകത്ത് ഇരിക്കാൻ. വർഷങ്ങൾക്ക് മുമ്പാണ് ശാഖാ സ്ഥലത്ത് കൂടി രണ്ട് പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി ലൈൻ വലിച്ചത്. ഇപ്പോൾ റോഡിൽ കൂടി തന്നെ മറ്റു ലൈനുകൾ പോകുന്നുണ്ട്. അപകഭീഷണിയിലുള്ള ഈ ലൈനുകൾ അതിലേക്ക് മാറ്റി സ്ഥാപിക്കാവുന്നതാണ്. കെ.എസ്.ഇ.ബി അധികൃതർ എത്രയും പെട്ടെന്ന് മരപോസ്റ്റ് ഇവിടെ നിന്ന് മാറ്റി വലിയ അപകടം ഒഴിവാക്കണമെന്നാണ് ശാഖാ ഭാരവാഹികളുടെ ആവശ്യം.
മന്ത്രിക്ക് നിവേദനം നൽകി
എസ്.എൻ.ഡി.പി യോഗം വണ്ണപ്പുറം ശാഖാ കോമ്പൗണ്ടിൽ അപകടകരമായി നിൽക്കുന്ന വൈദ്യുതി തൂണും 11 കെ.വി ലൈനും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രി എം.എം. മണിക്ക് നിവേദനം നൽകി. തൊടുപുഴ യൂണിയൻ കൺവീനർ വി. ജയേഷ്, വൈസ് ചെയർമാൻ ഡോ. കെ. സോമൻ, ഇന്ദു സുധാകരൻ, കുഞ്ഞപ്പൻ, ഷാജു പാറേച്ചാലിൽ, രഘു തോണിക്കുഴി, പ്രിൻസ്, സുരേഷ് തട്ടുപുര എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിവേദനം നൽകിയത്. സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകുമെന്ന് മന്ത്രി എം. എം. മണി അറിയിച്ചു.